'ഗള്‍ഫില്‍ നിന്ന് വന്നതാണ്, സന്ദര്‍ശകര്‍ ഇങ്ങോട്ട് വരേണ്ട'; വൈറലായി വീടിന് മുമ്പിലെ ക്വാറന്‍റൈന്‍ പോസ്റ്റര്‍

By Web Team  |  First Published Mar 22, 2020, 11:52 AM IST

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടിന് മുമ്പില്‍ ക്വാറന്‍റൈന്‍ പോസ്റ്റര്‍ പതിപ്പിച്ച് വിദേശത്ത് നിന്നെത്തിയ ദമ്പതികള്‍, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. 


കോഴിക്കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ക്വാറന്റൈന്‍ തെരഞ്ഞെടുത്ത് വീട്ടിലിരിക്കണമെന്ന നിര്‍ദ്ദേശം അക്ഷരംപ്രതി അനുസരിച്ച് ഒരു കുടുംബം. വിദേശത്ത് നിന്നത്തെിയ കോഴിക്കോട് കായക്കൊടി സ്വദേശിയായ വി കെ അബ്ദുള്‍ നസീര്‍ വീടിന് മുമ്പില്‍ പതിച്ച പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

വിദേശയാത്ര കഴിഞ്ഞതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ക്വാറന്റൈനിലാണെന്നും സന്ദര്‍ശകരെ സ്വീകരിക്കില്ലെന്നുമാണ് അബ്ദുള്‍ നസീര്‍ വീടിന് മുമ്പില്‍ പതിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. 

Latest Videos

undefined

ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം അഞ്ചുദിവസം മുമ്പാണ് കായക്കൊടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരായ അബ്ദുള്‍ നസീറും ഭാര്യയും തിരികെ നാട്ടിലെത്തിയത്. തിരികെ എത്തിയ ഇവര്‍ വീടിന് മുമ്പില്‍ പോസ്റ്റര്‍ പതിച്ച് സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി സ്വയം ക്വാറന്റൈന്‍ സ്വീകരിക്കുകയായിരുന്നു. കൊവിഡ് രോഗബാധയെക്കുറിച്ച് വ്യക്തമായ അറിവും ജാഗ്രതയും ഉള്ളതിനാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് 14 ദിവസം വീട്ടിലിരിക്കാനാണ് ഈ ദമ്പതികളുടെ തീരുമാനം. ആവശ്യമുള്ള ആളുകളെ ഫോണിലൂടെ മാത്രമാണ് ഇവര്‍ ബന്ധപ്പെടുന്നത്. ഭക്ഷണം ഉള്‍പ്പെടെ ആവശ്യമുള്ള സാധനങ്ങള്‍ ഇവര്‍ ഫോണിലൂടെ പറയുന്നത് അനുസരിച്ച് ബന്ധുക്കള്‍ വീടിന് പുറത്തുവെച്ച മേശയുടെ മുകളില്‍ വെച്ച് മടങ്ങും. ഇവര്‍ പോയി കഴിഞ്ഞ് മേശയില്‍ സ്പര്‍ശിക്കാതെ ദമ്പതികള്‍ ഇവയെടുത്ത് വീടിനുള്ളില്‍ കയറും. 

അബ്ദുള്‍ നസീറിന്റെയും ഭാര്യയുടെയും മാതൃകാപരമായ പ്രവര്‍ത്തനം ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് നാട്ടിലിറങ്ങി നടക്കുന്നവര്‍ കണ്ടുപഠിക്കേണ്ടതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!