ഗുജറാത്തിലെ കെക്രി തഹ്‌സിലിലെ സേവാദ അഗോൾ ഗ്രാമത്തിലെ ഗ്രാമത്തലവന്‍റെ അനന്തരവന്‍റെ വിവാഹത്തിനിടെ കറൻസി നോട്ടുകൾ വാരിയെറിയുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുള്ളത്
അഹമ്മദാബാദ്: ബാല്‍ക്കണിയില്‍ നിന്ന് ആളുകള്‍ പത്തിന്‍റെ മുതല്‍ അഞ്ഞൂറിന്‍റെ വരെയുള്ള നോട്ടുകള്‍ താഴെ കൂടി നില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് വാരി വിതറുകയാണ്. ഇത് പിടിച്ചെടുക്കാനും പെറുക്കിയെടുക്കാനുമായി താഴെ ജനക്കൂട്ടം തിക്കിക്കൂട്ടുകയും ചെയ്യുന്നു. ഒരു സിനിമയിലെ രംഗമാണ് ഇതെന്ന് വായിക്കുമ്പോള്‍ തോന്നുമെങ്കിലും ഗുജാറാത്തില്‍ നടന്ന ഒരു സംഭവമാണിത്. ബാല്‍ക്കണിയില്‍ നിന്ന് നോട്ടുകള്‍ വാരിവിതറുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ഗുജറാത്തിലെ കെക്രി തഹ്‌സിലിലെ സേവാദ അഗോൾ ഗ്രാമത്തിലെ ഗ്രാമത്തലവന്‍റെ അനന്തരവന്‍റെ വിവാഹത്തിനിടെ കറൻസി നോട്ടുകൾ വാരിയെറിയുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുള്ളത്. ഗ്രാമത്തിലെ മുൻ സർപഞ്ചായ കരീം ജാദവിന്‍റെ മകൻ റസാഖിന്‍റെ വിവാഹ ചടങ്ങിലാണ് സംഭവം. ബാൽക്കണിയിൽ നിന്നും ടെറസിൽ നിന്നും 10 മുതൽ 500 രൂപ വരെയുള്ള നോട്ടുകൾ ബന്ധുക്കൾ വിതറുന്നത് വീഡിയോയിൽ കാണാം.
undefined
അതിഥികളും പങ്കെടുക്കുന്നവരും ഈണങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതിനൊപ്പം നോട്ടുകള്‍ വാരിയെടുക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ പലരെയും ഞെട്ടിച്ചെങ്കിലും ഗുജറാത്തില്‍ ഇത്തരത്തില്‍ ആഘോഷ ചടങ്ങുകളില്‍ നോട്ടുകളും ആഭരണങ്ങളും വാരിയെറിയുന്നത് പുതിയ സംഭവമല്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ വൽസാദിൽ ഒരു ചാരിറ്റി പരിപാടിയിൽ ഗായകർക്കായി 50 ലക്ഷം രൂപ വർഷിച്ച സംഭവത്തിന്‍റെ മറ്റൊരു വീഡിയോ പുറത്തുവന്നിരുന്നു.
പ്രശസ്ത നാടോടി ഗായികമാരായ ഗീത റബാറിനും ബ്രിജ്‌രാജ്ദൻ ഗാധ്വിക്കും പാടുന്നതിനിടെ 10, 200, 500 എന്നിവയുടെ നോട്ടുകളാണ് വര്‍ഷിച്ചത്. അതേസമയം, കർണാടകയിൽ ഫ്ലൈ ഓവറിന് മുകളിൽ നിന്ന് നോട്ടുകൾ വലിച്ചെറിഞ്ഞ യുവാവിനെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവന്‍റ് മാനേജ്മെന്‍റ് - മാർക്കറ്റിംഗ് കമ്പനി നടത്തുന്ന നാഗബാവി സ്വദേശി അരുണാണ് പൊലീസിന്‍റെ പിടിയിലായത്. തന്‍റെ കമ്പനിയുടെ മാർക്കറ്റിംഗിന് വേണ്ടിയാണ് നോട്ട് വലിച്ചെറിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.