കാംബ്രിഡിജിലെ വീട്ടില്‍ അമര്‍ത്യസെന്‍ നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചു.
നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്നിന് പേരിട്ടത് മറ്റൊരു നൊബേല്‍ പുരസ്‌കാര ജേതാവ്. നൊബേല്‍ കമ്മിറ്റിയുടെ ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് രസകരമായ വിവരം പങ്കുവെച്ചത്.
ഇന്ത്യയുടെ വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ രവീന്ദ്രനാഥ ടാഗോറാണ് അമര്‍ത്യ സെന്നിന് പേരിട്ടതെന്ന വിവരമാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. കാംബ്രിഡിജിലെ വീട്ടില്‍ അമര്‍ത്യസെന്‍ നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചു. ഫോട്ടോയുടെ പശ്ചാത്തലത്തില്‍ രവീന്ദ്ര നാഥ ടാഗോറും ഗാന്ധിയും അമര്‍ത്യ സെന്നിന്റെ മുത്തച്ഛനും നില്‍ക്കുന്ന ചിത്രവുമുണ്ട്. നിരവധി പേരാണ് നൊബേല്‍ കമ്മിറ്റിയുടെ പോസ്റ്റിന് പ്രതികരിച്ചത്.
അമര്‍ത്യ സെന്‍ ജനിച്ചപ്പോള്‍ രവീന്ദ്രനാഥ ടാഗോറാണ് അമ്മയോട് അമര്‍ത്യ(മരണമില്ലാത്തവന്‍) എന്ന പേര് നിര്‍ദേശിച്ചത്. ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതനിലായിരുന്നു അമര്‍ത്യാ സെന്‍ പഠിച്ചത്. 1998ലാണ് അമര്‍ത്യ സെന്നിന് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ ലഭിച്ചത്. സാഹിത്യത്തിലാണ് രവീന്ദ്രനാഥ ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ചത്. ഇരുവരും ബംഗാളുകാരാണ്.