ഐഎഎസ്, ഐപിഎസ്, രാഷ്ട്രീയക്കാരെ ഒന്നടങ്കം കബളിപ്പിച്ച തട്ടിപ്പുവീരന്‍; മോന്‍സന്‍ മാവുങ്കലിനെ കുരുക്കിയ 2021

By Web Team  |  First Published Dec 20, 2021, 10:37 PM IST

മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ, പ്രശാന്ത് ഐഎഎസ് മുതല്‍ യതീഷ് ചന്ദ്ര ഐപിഎസ് വരെയുള്ളവര്‍ തട്ടിപ്പുകാരനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചതോടെ മോന്‍സന്‍ മാവുങ്കല്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.


യുട്യൂബ് വ്ലോഗുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന നിലയിലും പ്രവാസി മലയാളി അസോസിയേഷന്‍ രക്ഷാധികാരി എന്ന നിലയിലും പേരെടുത്ത മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുവീരന്‍റെ മുഖം മൂടി അഴിഞ്ഞ് വീണ വര്‍ഷമാണ് 2021. പ്രമുഖരെല്ലാം കുരുങ്ങിയ മോന്‍സന്‍റെ തട്ടിപ്പ് കഥകള്‍ വലിയ വാര്‍ത്തയായി, വിവാദമായി. പ്രതിപക്ഷ നേതാവു മുതല്‍, കേരള പൊലീസ് മുന്‍ മേധാവി, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ  കബളിപ്പിച്ച് മോന്‍സന്‍ നടത്തിയ തട്ടിപ്പുകള്‍ കേരളം അമ്പരപ്പോടെയാണ് കണ്ടത്. . മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആളുകള്‍ അടക്കം ഇയാളുടെ തട്ടിപ്പുകള്‍ അറിയാതെ കബളിക്കപ്പെട്ടിരുന്നു. 

മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ, പ്രശാന്ത് ഐഎഎസ് മുതല്‍ യതീഷ് ചന്ദ്ര ഐപിഎസ് വരെയുള്ളവര്‍ തട്ടിപ്പുകാരനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചതോടെ മോന്‍സന്‍ മാവുങ്കല്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇതിനിടയിലാണ് സാമ്പത്തിക തട്ടിപ്പുകളും പോക്സോ അടക്കമുള്ള കേസുകളിലും മോന്‍സന്‍റെ പേര് വരുന്നത്. ഇതോടെ പരിയപ്പെട്ടപ്പോള്‍ പറഞ്ഞത് വിശ്വസിക്കാതിരിക്കാന്‍ തരമില്ലായിരുന്നുവെന്ന രീതിയില്‍ പ്രശസ്തര്‍ നിലപാട് മാറ്റി. മോന്‍സന്‍ മാവുങ്കലിന്‍റെ മ്യൂസിയത്തില്‍ നിന്നുള്ള ലോക്നാഥ് ബെഹ്റയുടേയും മനോജ് എബ്രഹാം എന്നീ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ചിത്രങ്ങള്‍ വന്നതോടെ മോന്‍സനെതിരെ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നു. 

Latest Videos

undefined

എന്നാല്‍ പ്രതിപക്ഷ നേതാവ് കെ സുധാകരനൊപ്പമുള്ള മോന്‍സന്‍റെ ചിത്രം പുറത്തായതിന് പിന്നാലെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ചെറിയ രീതിയിലെങ്കിലും ആറിത്തണുത്തു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്‍റെ സിംഹാസനവും ശിവന്‍റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ  പരിശോധനയില്‍ വ്യക്തമായത്. മുൻ സംസ്ഥാന പൊലീസ് മേധാവിയെ പോലും കബളിപ്പിച്ച ടിപ്പുവിന്‍റെ സിംഹാസനം- വ്യാജം, ടിപ്പുവിന്‍റെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോണ്‍, വിളക്കുകള്‍ എല്ലാം തട്ടിപ്പായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു. 

ഇയാളുടെ ജീവിത ശൈലിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. യൗവ്വനം നി‍ലനിർത്താൻ വർഷങ്ങളായി ഇയാൾ അരിയാഹാരം കഴിച്ചിരുന്നില്ല. വിദേശത്തുനിന്ന് എത്തിക്കുന്ന സൗന്ദര്യവർധക ടാബ്ലറ്റുകളും ഉപയോഗിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.  ബൈബിളിലെ പഴയനിയമത്തിലെ മോശെയുടെ അംശവടിയുമൊക്കെ തന്‍റെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. 

ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയോളം രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എച്ച് എസ് ബി സി ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടില്ലെന്നും വിദേശത്തുനിന്ന് പണം  വന്നിട്ടില്ലെന്നും തെളിഞ്ഞത്. സാമ്പത്തിക തട്ടിപ്പെന്ന് ബോധ്യമായത്. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നേടിയെന്ന് അവകാശപ്പെട്ട ഡോക്ടറേറ്റും വ്യാജമെന്ന് തെളിയുകയും ചെയ്തു. മോന്‍സനുമായുള്ള അടുത്ത ബന്ധം ഐജി ലക്ഷ്മണന്‍, മുൻ ചേർത്തല സി ഐ ശ്രീകുമാര്‍ എന്നിവര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു. പോക്സോ അടക്കമുള്ള കേസുകളില്‍ ക്രൈം ബ്രാഞ്ച് മോന്‍സനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
 

click me!