എടപ്പാൾ ജംഗ്ഷനിൽ വച്ച് നാട്ടുകാർ വളഞ്ഞതോടെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ എല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു
എടപ്പാള്‍ മേല്‍പാലം (Edappal flyover) ശനിയാഴ് രാവിലെ നാടിന് സമർപ്പിക്കാനിരിക്കെ പഴയ എടപ്പാൾ ഓട്ടം ഓർമ്മിപ്പിച്ച് മന്ത്രി ശിവൻകുട്ടിയുടെ ട്രോൾ. 'എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ...' യെന്നാണ് മന്ത്രിയുടെ ട്രോൾ. ശബരിമല യുവതി പ്രവേശനത്തിനെതിരെ കർമ്മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു എടപ്പാൾ ഓട്ടം പ്രസിദ്ധമായത്. എടപ്പാൾ ജംഗ്ഷനിൽ വച്ച് നാട്ടുകാർ വളഞ്ഞതോടെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ എല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഇത് പിന്നീട് എടപ്പാൾ ഓട്ടം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായിരുന്നു.
undefined
അതേസമയം പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിൽ സ്വപ്‌ന പദ്ധതിയായ എടപ്പാള്‍ മേല്‍പാലം ശനിയാഴ് രാവിലെയാണ് നാടിന് സമർപ്പിക്കുക. രാവിലെ 10ന് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവഹിക്കുക. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. പാലം യാഥാര്‍ഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസത്തിന് പരിഹാരമാകും. പാലത്തിന്റെ നാട മുറിക്കല്‍ പരിപാടിക്ക് ശേഷം കുറ്റിപ്പുറം റോഡില്‍ ബൈപാസ് റോഡിന് ഏതിര്‍വശത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കുക.. ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനാകും.
മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ എന്‍ ബാലഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എമാരായ പി നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളാകും. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂർത്തിയായിട്ടുള്ളത്.
കിഫ്ബിയില്‍ നിന്ന് തുക ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എഇഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം.
8.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് മേല്‍പ്പാലം നിര്‍മിച്ചത്.