നിക്കറിന് ഇറക്കമില്ല, കെട്ടാൻ ഇലാസ്റ്റിക്കുമില്ല; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി നൽകി നാല്പത്താറുകാരൻ !

By Web Team  |  First Published Jul 18, 2020, 3:04 PM IST

മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ വിചിത്രമായ സംഭവം. കൃഷ്ണകുമാര്‍ ഡബ്ബേ എന്നയാളാണ് തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 


ഭോപ്പാൽ: തയ്ച്ച തുണിക്ക് ഇറക്കമില്ല, വീതി ഇല്ല, വണ്ണമില്ല എന്നൊക്കെയുളള പരാതികളാണ് തയ്യാൽക്കാർ ഏറ്റവും കൂടുതൽ കേൾക്കുന്നത്. ഇങ്ങനെയുള്ളവർക്ക് വീണ്ടും അത് തയ്ച്ചുകൊടുക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ തനിക്ക് തയ്ച്ച നിക്കറിന് ഇറക്കം കുറഞ്ഞുപോയെന്ന് കാണിച്ച് തയ്യൽക്കാരനെതിരെ പരാതി നൽകിയിരിക്കുകയാണ് 
നാല്പത്താറുകാരൻ.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ വിചിത്രമായ സംഭവം. കൃഷ്ണകുമാര്‍ ഡബ്ബേ എന്നയാളാണ് തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. താന്‍ ആവശ്യപ്പെട്ടതിലും ഇറക്കം കുറവാണ് നിക്കറിനെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. 

Latest Videos

undefined

"നിക്കര്‍ തയ്ക്കാനായി 2 മീറ്റര്‍ തുണി നല്‍കിയിരുന്നു. എന്നാല്‍ തയ്ച്ച് കിട്ടിയപ്പോള്‍ ഇറക്കം കുറവ്. വീണ്ടും തയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യൽക്കാരൻ വിസമ്മതിച്ചു" കൃഷ്ണ പരാതിയിൽ പറയുന്നു. കൂലിയായി തന്റെ കൈയില്‍ നിന്ന് 70 രൂപ വാങ്ങിയെന്നും നാട (ഇലാസ്റ്റിക്) ഇടാതെയാണ് നിക്കര്‍ കൈമാറിയതെന്നും പരാതിയുണ്ട്.

സെക്യൂരിറ്റിയായി ജോലിചെയ്തിരുന്ന കൃഷ്ണയ്ക്ക് ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. ദിവസേനയുള്ള ചെലവുകള്‍ കണ്ടെത്താന്‍ താന്‍ കഷ്ടപ്പെടുകയാണെന്നും കടം വാങ്ങിയാണ് മുന്നോട്ടുപോകുന്നതെന്നും ഇയാള്‍ പറയുന്നു.

അതേസമയം, തയ്യൽക്കാരനെയും കൃഷ്ണയേയും ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാൻ പൊലീസ് ശ്രമിച്ചുവെങ്കിലും ഇരുവരും തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സമാനമായ നിരവധി കേസുകൾ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഹബീബ്ഗഞ്ച് പൊലീസ് അറിയിച്ചു.

click me!