'കൊല്ലത്തായാലും ആലപ്പുഴ ആയാലും തല്ല് വേണ്ട, സോറി മതി'; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

By Web Team  |  First Published Sep 19, 2022, 7:52 AM IST

'മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ. ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ സംഘട്ടനങ്ങളിലേക്ക് വളരുന്നത്' എന്നാണ് പൊലീസിന്‍റെ കുറിപ്പ്.


തിരുവനന്തപുരം: നിസാര കാര്യങ്ങളെ ചൊല്ലി തമ്മിലിടക്കുന്നവര്‍ക്ക് ഉപദേശവുമായി കേരള പൊലീസ്. 'തല്ല് വേണ്ട, സോറി മതി, അതിനി കൊല്ലത്ത് ആയാലും ആലപ്പുഴ ആയാലുമെന്നാണ്  കേരള പൊലീസ് നല്‍കുന്ന ഉപദേശം. ഫേസ്ബുക്കിലൂടെയാണ് പൊലീസ് തൊട്ടതിനും പിടിച്ചതിനുമൊക്കെ അടിപിടിയുണ്ടാക്കുന്നവര്‍ക്ക് ഉപദേശവുമായി എത്തിയത്. അടുത്തിടെ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയുണ്ടായ അടിപിടിക്കേസുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരിലായിരുന്ന ആലപ്പുഴയിലെ വൈറലായ കൂട്ടത്തല്ല് നടന്നത്. വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. തമ്മിലടിയില്‍ ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് അടിപിടിയില്‍ ഓഡിറ്റോറിയത്തിന് സംഭവിച്ചത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞതിന് പിന്നാലെയാണ് കൊല്ലത്ത് 'തല്ലുമാല' അരങ്ങേറിയത്.. ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റിരുന്നു. 

Latest Videos

undefined

ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാന്‍ഡില്‍ നടന്ന വിദ്യാർത്ഥികളുടെ കൂട്ടത്തല്ലും വൈറലായിരുന്നു. ഓണാഘോഷത്തിന് ശേഷമായിരുന്നു ഉച്ചക്ക് വിദ്യാർത്ഥികളുടെ ഓണത്തല്ല് നടന്നത്. പരിഹരിക്കാനാകുന്ന ചെറിയ പ്രശ്നങ്ങളുടെ പേരിൽ വലിയ അടിപിടിക്കേസുകളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല, മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ. ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ സംഘട്ടനങ്ങളിലേക്ക് വളരുന്നതെന്ന സന്ദേശമാണ് പോസ്റ്റിലൂടെ പൊലീസ് നൽകുന്നത്. തല്ലുമാല എന്ന സിനിമയുടെ ദൃശ്യങ്ങൾ കൂടി പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
  
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തല്ല് വേണ്ട സോറി മതി 
”ആരാണ് ശക്തൻ..
മല്ലയുദ്ധത്തിൽ എതിരാളിയെ മലർത്തിയടിക്കുന്നവനല്ല,
മറിച്ച് തന്റെ കോപത്തെ അടക്കിനിർത്തുന്നവനാണ് ശക്തൻ”
Anyway ഒരു സോറിയിൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ദുനിയാവിലുള്ളൂ 
അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും...

Read More : ചണ്ഡീഗഡിൽ പ്രതിഷേധം തുടർന്ന് വിദ്യാർഥികൾ,ഇന്നും നാളെയും സർവകലാശാലക്ക് അവധി ,അന്വേഷണം തുടരുന്നു

click me!