തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടശേഷം സിനിമ കാണാന്‍ തീയറ്ററിലെത്തുന്ന ആദ്യ നേതാവല്ല രാഹുല്‍ ഗാന്ധി.
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സിനിമ കാണാനെത്തി രാഹുല്‍ ഗാന്ധി. ബുധനാഴ്ച വൈകിട്ട് പി.വി.ആര്‍ ചാണക്യ തീയറ്ററില്‍ 'ആര്‍ട്ടിക്കിള്‍ 15' എന്ന സിനിമകാണാനാണ് രാഹുല്‍ എത്തിയത്. ദില്ലിയിലെ ഒരു ഫോട്ടോ ജേണലിസ്റ്റാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. രാഹുല്‍ തീയറ്ററിലിരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടശേഷം സിനിമ കാണാന്‍ തീയറ്ററിലെത്തുന്ന ആദ്യ നേതാവല്ല രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ആദ്യ രൂപമായിരുന്ന ജനസംഘത്തിന്റെ ഭാഗമായിരുന്ന കാലത്ത് പാര്‍ട്ടിയുടെ തലവന്മാരായിരുന്ന എല്‍.കെ അദ്വാനിയും അടര്‍ ബിഹാരി വാജ്‌പേയുമാണ് തങ്ങള്‍ക്കേറ്റ തോല്‍വിയ്ക്ക് ശേഷം ഡല്‍ഹിയില്‍ സിനിമകാണാനായി എത്തിയത്.
1958ല്‍ ദില്ലിയില്‍ നടന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് ശേഷമാണ് 'ഫിര്‍ സുബഹ് ഹോഗി' എന്ന രാജ് കപൂര്‍ ചിത്രം കാണാന്‍ തീയറ്ററില്‍ എത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പവന്‍ കുമാര്‍ ബന്‍സലാണ് രാഹുലിന്റെ വിഡിയോയ്ക്ക് പ്രതികരിച്ച് ട്വിറ്ററിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അതേസമയം സിനിമ തുടങ്ങാനായി മുന്നിലോട്ട് ചാഞ്ഞുകൊണ്ട് കാത്തിരിക്കുന്ന രാഹുലിനെ ആണ് വിഡിയോയില്‍ കാണുന്നത്. രാഹുല്‍ പോപ്‌കോണ്‍ കഴിക്കുന്നതും വിഡിയോയില്‍ കാണാം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ സമയത്തും രാഹുല്‍ ഗാന്ധി സിനിമ കാണുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരാവാദിത്തം ഏറ്റെടുത്ത് മേയ് 25ന് രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രാജിക്കത്ത് പുറത്തുവിട്ടിരുന്നു.