ദൃശ്യങ്ങളിൽ വേദിയിലെത്തുന്ന വരൻ വില്ലെടുക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുന്നതായി കാണാം. വില്ലൊടിച്ചയുടൻ അതിഥികൾ പുഷ്പവൃഷ്ടി നടത്തുന്നു. പിന്നീട് വരനും വധുവും പരസ്പരം മാലയണിക്കുന്നു.
പട്ന: വ്യത്യസ്തമായ വിവാഹ ആഘോഷങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്. വസ്ത്രത്തിലും മേക്കപ്പിലും ആഭരണങ്ങളിലും ചടങ്ങുകളിലും ഫോട്ടോഷൂട്ടിലും പരമാവധി വ്യത്യസ്ത വരുത്താനാണ് ഇപ്പോഴത്തെ ശ്രമം. കുതിരപ്പുറത്ത് വരുന്ന വരനും രാജ്ഞിയെപ്പോലെ അണിഞ്ഞൊരുങ്ങുന്ന വധുവുമെല്ലാം ഈ വ്യത്യസ്തതയുടെ ഭാഗമാണ്. ഇന്ത്യയുടെ പരമ്പരാഗത മതവിശ്വാസങ്ങളുടെ സ്വാധീനവും ഈ ആഘോഷങ്ങളിലുണ്ട്. ഇപ്പോഴിതാ രാമായണത്തിൽ ശ്രീരാമൻ വില്ലൊടിച്ച് സീതാദേവിയെ സ്വയംവരം ചെയ്തതുപോലെ തന്റെ വിവാഹം ആഘോഷിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള വരൻ.
രാമായണത്തിൽ ശിവന്റെ അനുഗ്രഹമുള്ള വില്ല് ഒടിച്ചാണ് സീതയെ ശ്രീരാമൻ സ്വയംവരം ചെയ്യുന്നത്. സരൺ ജില്ലയിലെ സോൻപൂരിലെ സബാൽപൂരിലാണ് ഈ വില്ലൊടിക്കൽ വിവാഹം നടന്നതെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൃശ്യങ്ങളിൽ വേദിയിലെത്തുന്ന വരൻ വില്ലെടുക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുന്നതായി കാണാം. വില്ലൊടിച്ചയുടൻ അതിഥികൾ പുഷ്പവൃഷ്ടി നടത്തുന്നു. പിന്നീട് വരനും വധുവും പരസ്പരം മാലയണിക്കുന്നു.
വില്ലൊടിക്കൽ മാത്രമല്ല, മറ്റ് വിവാഹ ചടങ്ങുകളും സ്വയംവരം മാതൃകയിലാണ് നടത്തിയതെന്നും ഇന്ത്യ ഡോട്ട് കോം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിവാഹം നടത്തിയതെന്നും അതിഥികൾ സാമൂഹിക അകലം പാലിക്കാതെ നൃത്തം ചെയ്യുന്നതായി കാണുന്നുണ്ടെന്നും വിമർശനമുയരുന്നതായി സീ ന്യൂസ് വാർത്തയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona