''കേരളം കാത്ത് വച്ച നിധി പിന്നെ ആരാണ്. ഫിറോസിക്ക ചെയ്യുന്ന നന്മ ചെയ്യാനായി ഒരു രാഷ്ട്രീയ നേതാവിനും, ആര്‍ക്കും സാധിച്ചിട്ടില്ല. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല- ഷിഹാബ് പറയുന്നു''
കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലാകെ ഒരു പാട്ട് പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നുമ്പറമ്പിലിനെ പ്രകീര്‍ത്തിച്ച് ഷിഹാബ് അരീക്കോട് എന്ന ഗായകന്‍ ആലപിച്ച 'കാലം കാത്ത് വച്ച നിധി' എന്ന ഗാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പാട്ടിനെ പിന്തുണച്ചും, വിമര്‍ശിച്ചും, ട്രോളുകളുമായും നിരവധി പേരെത്തി. ഫിറോസിനെ ഇരുത്തി മുഖസ്തുതി പാടിയെന്നായിരുന്നു വലിയ വിമര്‍ശനം. തന്നെക്കുറിച്ചും പാട്ടിനെക്കുറിച്ചും ഉയര്‍ന്ന പ്രതികരണങ്ങളെക്കുറിച്ച് ഗായകന്‍ ഷിഹാബ് അരീക്കോട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
'ആരോരും അറിയാതിരുന്ന അരിക്കോട്ടെ ഒരു എളിയ പാട്ടുകാരന്‍ ഇന്ന് നിരവധി പേരറിയുന്ന ഗായകനാണ്. ട്രോളന്മാര്‍ക്ക് നന്ദിയുണ്ടെന്നാണ് ട്രോളുകളോടും വിമമര്‍ശനങ്ങളോടുമുള്ള ഷിഹാബിന്‍റെ പ്രതികരണം. ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്ന ഫിറോസ് ഇക്ക എനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ്, അദ്ദേഹം ആവശ്യപ്പെട്ടിട്ടാണ് പാട്ട് പാടിയത് എന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ഷിഹാബ് പറയുന്നു.
undefined
ഫിറോസിക്കയെ കാണണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വെള്ളിയാഴ്ച അടുത്ത സുഹൃത്തുക്കളായ അറക്കല്‍ മുത്ത്, ജംഷീദ് അരീക്കോട് എന്നിവരോടൊപ്പം ഫിറോസ് കുന്നുമ്പറമ്പിലിന്‍റെ വീട് സന്ദര്‍ശിക്കാനായി പോയത്. അവിടെ വച്ച് എന്‍റെ ആഗ്രഹപ്രകാരം ആണ് പാട്ട് പാടിയതും യൂ ട്യൂബ് ചാനലിലേക്കായി വീഡിയോ ഷൂട്ട് ചെയ്തതും. ട്രോളുന്നവര്‍ പറയുന്നത്, അദ്ദേഹത്തെ ഇരുത്തി മുഖസ്തുതി പാടി എന്നാണ്. മുഖസ്തുതി പാടുന്നവരെ കല്ലുവാരി എറിയണം എന്നാണ് എന്‍റെ വിശ്വാസം എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഫിറോസിക്ക വീഡിയോ ഷൂട്ട് ചെയ്യാനായി സമ്മതിച്ചില്ല, നിങ്ങള്‍ക്ക് സ്റ്റുഡിയോയില്‍ പാടിയാല്‍ പോരെ എന്നാണ് അദ്ദേഹം ചോദിച്ചത്. യൂ ട്യൂബിലേക്കെന്ന് പറഞ്ഞാണ് അവസാനം വീഡിയോ എടുത്തത്. അതിത്ര വൈറലാകുമെന്ന് കരുതിയില്ല- ഷിഹാബ് പറയുന്നു.
1993 മുതല്‍ മാപ്പിളപ്പാട്ട് രംഗത്തുണ്ട്. പിന്നണി ഗാനരംഗത്തും സംഗീത സംവിധാന രംഗത്തും ഏറെ കാലമായുണ്ട്. കലോത്സവങ്ങളില്‍ നിരവധി കുട്ടികള്‍ക്ക് മാപ്പിളപ്പാട്ട് പരിശീലനം നല്‍കുന്ന ആളാണ്. ഫിറോസിക്കയെപ്പറ്റി പാടിയ പാട്ട് ഒരു ആമുഖ ഗാനം പോലെ പാടിയ ഒന്നാണ്. ഇഎംസിനെക്കുറിച്ചും പാണക്കാട് ശിഹാബ് തങ്ങളെക്കുറിച്ചുമൊക്കെ ഞാന്‍ പാടിയിട്ടുണ്ട്.
ഒരു കുട്ടിയോട് സംസാരിക്കുന്നതിനിടെ കരയുന്ന വീഡിയോയും ചിലര്‍ ട്രോളായി പ്രചരിപ്പിക്കുന്നുണ്ട്. ആ വീഡിയോ നിങ്ങള്‍ മുഴുവനായി കണ്ട് നോക്കൂ. കൊവിഡ് കാരണം സ്കൂളുകളെല്ലാം അടച്ചിരിക്കുന്നതിനാല്‍ സുഹൃത്തിന്‍റെ കുട്ടിയുമായി നടത്തിയ സംഭാഷണത്തിലെ ഒരു ഭാഗം മാത്രമാണത്. എന്താണ് നന്മയെന്ന കുട്ടിയുടെ ചോദ്യത്തിന് സാന്ദര്‍ഭികവശാലാണ് ഫിറോസ് ഇക്കയുടെ കാര്യം പറഞ്ഞത്. അതിന് ആ കുട്ടി തന്ന മറുപടി ഫിറോസ് കുന്നമ്പറമ്പിലിന്‍റെ നന്മയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലക്ക് എന്‍റെ കണ്ണ് നിറച്ചു, അത് അശ്രുകണമാണ്.
ആ വീഡിയോയില്‍ എന്‍റെ ആക്ടിംഗ് അല്ല, എനിക്ക് സിനിമയില്‍ കയറേണ്ട കാര്യമില്ല. 2016ല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഞാന്‍ പഠിപ്പിച്ച മാപ്പിളപാട്ടില് നാല് പുരസ്കാരങ്ങളാണ് കിട്ടിയത്. അന്നൊന്നും ഒരു ഫോട്ടോയ്ക്ക് വേണ്ടിയും പോസ് ചെയ്തിട്ടില്ല. എന്നെ ട്രോളുന്നവര്‍ക്ക് ബിഗ് സല്യൂട്ട് മാത്രമാണ് തിരിച്ച് നല്‍കാനുള്ളത്. എന്നെ വളര്‍ത്താന്‍ കഠിന പരിശ്രമം നടത്തുന്നവരാണ് അവര്‍. ആദ്യം ട്രോള് ചെയ്ത ആളെ കണ്ടാല്‍ എന്തായാലും സമ്മാനം നല്‍കും. ട്രോളുകളെ പോസിറ്റീവ് ആയാണ് എടുക്കുന്നതെന്നും ഷിഹാബ് അരീക്കോട് പറയുന്നു.
വിമര്‍ശിക്കുന്നവരോട് ഒന്നുകൂടി ചോദിക്കാനുണ്ട് ഷിഹാബിന്, കേരളം കാത്ത് വച്ച നിധി പിന്നെ ആരാണ്. ഫിറോസിക്ക ചെയ്യുന്ന നന്മ ചെയ്യാനായി ഒരു രാഷ്ട്രീയ നേതാവിനും, ആര്‍ക്കും സാധിച്ചിട്ടില്ല. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഇനിയും പാടും ഫിറോസിനെപ്പറ്റി, അതില്‍ ട്രോളുകളുണ്ടായാല്‍ വിഷമമില്ലെന്നും ഷിഹാബ് പറയുന്നു.
വിമര്‍ശനങ്ങളും ട്രോളുകളും വരുമ്പോഴും പുതിയ പാട്ടുകളുടെ തിരക്കിലാണ് ഷിഹാബ്. കണ്ണൂര്‍ ഷറീഫ് പാടിയ രണ്ട് പാട്ടുകള്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനായി പുതിയ പാട്ടുകള്‍ വരുന്നുണ്ട്. കുറച്ച് മാപ്പിളപ്പാട്ടുകളുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഷിബാഹ് പറഞ്ഞു.