'ക്വാഡൻ, ഇനി ആ മിഴികൾ നിറയരുത്..സമൂഹം പരിഹസിച്ച പലരും ലോകം കീഴടക്കിയ കഥകൾ നമുക്കറിയാമല്ലോ...':കുറിപ്പ് വൈറൽ

By Web Team  |  First Published Feb 22, 2020, 10:04 AM IST

സമൂഹം പരിഹസിച്ച പലരും ലോകം കീഴടക്കിയ കഥകൾ നമുക്കറിയാമല്ലോ. ആൽബർട്ട് ഐൻസ്റ്റീൻ എന്ന മഹാനായ ശാസ്ത്രജ്ഞനെ ചില അദ്ധ്യാപകരും സഹപാഠികളും 'മന്ദബുദ്ധി' എന്ന് മുദ്രകുത്തിയിരുന്നുവെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.


ലോക ജനതയുടെ മുഴുവൻ കരളലിയിച്ച കാഴ്ചയായിരുന്നു ഒമ്പതു വയസുകാരൻ ക്വാഡന്റെ കരച്ചിൽ. ഉയരം കുറഞ്ഞതിന്റെ പേരിൽ സഹപാഠികൾ കളിയാക്കിയതോടെയാണ് എന്നെയൊന്ന് കൊന്ന് തരുമോയെന്ന് ക്വാഡൻ അമ്മയോട് ചോദിച്ചത്. ഭിന്നശേഷിക്കാരോടുള്ള പുച്ഛം ഒരു ആഗോള പ്രതിഭാസമാണെന്ന് പറയുകയാണ് സൈബർ എഴുത്തുകാരനായ സന്ദീപ് ദാസ്.

വലിയ കണ്ണുകളുടെ പേരിൽ പലപ്പോഴും പരിഹാസമേൽക്കേണ്ടി വന്നിട്ടുണ്ടെന്നും അധ്യാപകർ വരെ കളിയാക്കിയിട്ടുണ്ടെന്നും സന്ദീപ് ദാസ് പറയുന്നു. സമൂഹം പരിഹസിച്ച പലരും ലോകം കീഴടക്കിയ കഥകൾ നമുക്കറിയാമല്ലോ. ആൽബർട്ട് ഐൻസ്റ്റീൻ എന്ന മഹാനായ ശാസ്ത്രജ്ഞനെ ചില അദ്ധ്യാപകരും സഹപാഠികളും 'മന്ദബുദ്ധി' എന്ന് മുദ്രകുത്തിയിരുന്നുവെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Latest Videos

undefined

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

''എന്നെയൊന്ന് കൊന്നു തരാമോ?ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്.ഒരു കയർ തരൂ.ഞാൻ ജീവിതം അവസാനിപ്പിക്കാം....! ''

ക്വാഡൻ ബെയിൽസ് എന്ന ഓസ്ട്രേലിയൻ ബാലൻ സ്വന്തം അമ്മയോട് കരഞ്ഞുപറഞ്ഞ വാക്കുകളാണിത്.ഉയരം കുറവായതിൻ്റെ പേരിൽ സഹപാഠികൾ നിരന്തരം പരിഹസിച്ചപ്പോഴാണ് ആ ഒമ്പതുവയസ്സുകാരന് ജീവിതം മടുത്തുപോയത്.ക്വാഡൻ്റെ അമ്മ ഈ സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചു.ഇപ്പോൾ ക്വാഡൻ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്.

ഭിന്നശേഷിക്കാരോടുള്ള പുച്ഛം ഒരു ആഗോളപ്രതിഭാസമാണെന്ന് തോന്നുന്നു.ഒരു മനുഷ്യൻ്റെ ശാരീരികാവസ്ഥകളെ കളിയാക്കുന്ന കാര്യത്തിൽ മലയാളികൾ എന്തായാലും മുൻപന്തിയിലാണ്.

ബുള്ളിയിങ്ങിൻ്റെ 'സുഖം' എന്താണെന്ന് അനുഭവിച്ചിട്ടുള്ള ഒരാളാണ് ഈ ലേഖകൻ.എൻ്റെ കണ്ണുകൾക്ക് അല്പം വലിപ്പം കൂടുതലായിരുന്നു.വഴിയേ പോകുന്നവർ മുഴുവൻ 'ഉണ്ടക്കണ്ണാ' എന്ന് പരിഹാസപൂർവ്വം വിളിക്കുമായിരുന്നു.''നിൻ്റെ കണ്ണിന് എന്തെങ്കിലും തകരാറുണ്ടോ? " എന്ന് പഠിപ്പിച്ച ടീച്ചർ മുഖത്തുനോക്കി ചോദിച്ചിട്ടുണ്ട്.അതെല്ലാം കേൾക്കുമ്പോൾ വലിയ സങ്കടവും നിരാശയും തോന്നുമായിരുന്നു.ആരും കാണാതെ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്.

ഇതുപോലുള്ള അനുഭവങ്ങൾ നിങ്ങളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും.ഇരുണ്ട നിറമുള്ളവരെ 'കരിഞ്ഞവൻ' എന്നൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്.മെലിഞ്ഞയാൾ കൊടക്കമ്പിയാണ്.തടിച്ച ശരീരപ്രകൃതിയുള്ളവർ ഹിപ്പൊപ്പൊട്ടാമസും !

ഉയരം കുറവാണെങ്കിൽ കുള്ളനായി.പൊക്കം കൂടുതലാണെങ്കിൽ തോട്ടിക്കോലും ! പല്ല് പൊങ്ങിയിട്ടുണ്ടെങ്കിൽ 'ദന്തഗോപുരം' എന്ന ഓമനപ്പേര് ചാർത്തിക്കിട്ടും.

കാഴ്ച്ചശക്തിയില്ലാത്തവരെ 'കണ്ണുപൊട്ടൻ' എന്ന് വിളിക്കുന്നവരുണ്ട്.കാലിന് സ്വാധീനം കുറവാണെങ്കിൽ അയാൾ ചട്ടുകാലനായി.ഓട്ടിസമുള്ള കുട്ടികൾ പൊതുസമൂഹത്തിൻ്റെ കാഴ്ച്ചയിൽ മന്ദബുദ്ധികളാണ്.മനസ്സിൻ്റെ താളം തെറ്റിയ സാധുമനുഷ്യർ നമുക്ക് വട്ടൻമാരും കിറുക്കൻമാരും ഒക്കെയാണ് !

പുരുഷൻ്റെ ശബ്ദത്തിന് ഗാംഭീര്യം കുറവാണെങ്കിൽ അയാളുടെ 'ആണത്തം' ചോദ്യം ചെയ്യപ്പെടും.സ്ത്രീകളുടെ സ്വരം പരുക്കനാണെങ്കിൽ അവർക്ക് 'ഉത്തമസ്ത്രീ' പട്ടം നഷ്ടമാകും!

ഇനിയും ധാരാളം ഉദാഹരണങ്ങൾ കണ്ടെത്താൻ സാധിക്കും.ഒരാളുടെ ശാരീരികാവസ്ഥകൾ അയാളുടെ തിരഞ്ഞെടുപ്പല്ല എന്ന അടിസ്ഥാനകാര്യം പോലും നമുക്കിതുവരെ മനസ്സിലായിട്ടില്ല.

നിങ്ങൾ പൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തിയാണെങ്കിൽ,അത് നിങ്ങളുടെ കഴിവല്ല.അതിൽ അഭിമാനിക്കാനോ അഹങ്കരിക്കാനോ ഉള്ള വകുപ്പില്ല.ഒരാൾ വ്യത്യസ്തമായ കഴിവുകളുമായി ജനിച്ചുവീണാൽ അത് അയാളുടെ തെറ്റല്ല. അത്രയേറെ ലളിതമാണ് കാര്യങ്ങൾ.

സമൂഹം പരിഹസിച്ച പലരും ലോകം കീഴടക്കിയ കഥകൾ നമുക്കറിയാമല്ലോ.ആൽബർട്ട് ഐൻസ്റ്റീൻ എന്ന മഹാനായ ശാസ്ത്രജ്ഞനെ ചില അദ്ധ്യാപകരും സഹപാഠികളും 'മന്ദബുദ്ധി' എന്ന് മുദ്രകുത്തിയിരുന്നു.

കാഴ്ച്ചശക്തിയില്ലാത്തവർക്കുവേണ്ടി ബ്രെയ്ലി ലിപി വികസിപ്പിച്ചെടുത്തത് അന്ധനായിരുന്ന ലൂയി ബ്രെയ്ലിയാണ്.

ബീഥോവൻ എന്ന ലോകപ്രശസ്തനായ സംഗീതജ്ഞന് കേൾവിശക്തിയില്ലായിരുന്നു.

ന്യൂസീലാൻഡിൻ്റെ സ്റ്റാർ ബാറ്റ്സ്മാനും തീപ്പൊരി ഫീൽഡറുമായ മാർട്ടിൻ ഗപ്ടിലിൻ്റെ ഇടതുകാലിൽ രണ്ടുവിരലുകൾ മാത്രമേയുള്ളൂ.വില്ലൻചുമയുമായി ജനിച്ചുവീണ ഷോയബ് അക്തറാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്.ബ്രസീലിൻ്റെ സ്റ്റാർ സ്ട്രൈക്കറായിരുന്ന റൊണാൾഡോയുടെ പല്ലുകൾ പൊന്തിയിട്ടായിരുന്നു.

തനിക്കുണ്ടായിരുന്ന മാനസിക വിഭ്രാന്തികളെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ തുറന്നെഴുതിയിട്ടുണ്ട്.ഉയരക്കുറവിനെ തോൽപ്പിച്ച് ഉയരങ്ങൾ കീഴടക്കിയ ആളാണ് ഗിന്നസ് പക്രു എന്ന അജയൻ.സ്റ്റേറ്റ് അവാർഡ് വരെ നേടിയ ഇന്ദ്രൻസ് 'കൊടക്കമ്പി' എന്ന വിളി ഒരുപാട് കേട്ടിട്ടുള്ളതാണ്.

ഈ പ്രതിഭകളൊക്കെ എത്രമാത്രം കുത്തുവാക്കുകൾ സഹിച്ചിട്ടുണ്ടാവും!? പക്ഷേ അവരെല്ലാം ലോകപ്രശസ്തരായി.അവരെ നോവിച്ചവരൊക്കെ ആരാലും അറിയപ്പെടാതെ കാലം കഴിക്കുകയും ചെയ്യും.ഇതാണ് വ്യത്യാസം.

ക്വാഡൻ എന്ന ബാലനോടുള്ള സ്നേഹം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽനിന്നും ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.ആ പാവം കുട്ടിയെ നിർദ്ദയം പരിഹസിച്ച സഹപാഠികൾ അതോടെ അപ്രസക്തരായില്ലേ?

എല്ലാ ഭിന്നശേഷിക്കാരും മഹാപ്രതിഭകളാകണമെന്നില്ല.സാധാരണക്കാർക്കുകൂടി അവകാശപ്പെട്ടതാണ് ഈ ലോകം.എല്ലാവർക്കും ഇവിടെ മനഃസമാധാനത്തോടെ ജീവിക്കാൻ സാധിക്കണം.അങ്ങനെയൊരു സംസ്കാരമാണ് വളർന്നുവരേണ്ടത്.

വയോധികരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ അല്പം പ്രയാസമായിരിക്കും.അവരെ അവഗണിക്കാം.പക്ഷേ ബുള്ളിയിംഗ് ഒഴിവാക്കാൻ നമുക്ക് സാധിക്കും.നമ്മുടെ മക്കൾക്കും ഈ പാഠം പകർന്നുനൽകാം.അപ്പോൾ ഈ ലോകം അതീവ സുന്ദരമാകും.

പ്രിയ ക്വാഡൻ,ഇനി ആ മിഴികൾ നിറയരുത്.എപ്പോഴും പുഞ്ചിരിച്ചുകൊണ്ടേയിരിക്കൂ...

click me!