കൊവിഡ് കെയര്‍ സെന്ററില്‍ പിപിഇ കിറ്റില്‍ നൃത്തം ചെയ്ത് ശുചീകരണ തൊഴിലാളി, സോഷ്യല്‍മീഡിയയില്‍ കൈയടി

By Web Team  |  First Published Sep 23, 2020, 7:28 PM IST

അവിടുത്തെ ശുചീകരണ തൊഴിലാളിയായ ക്ലിന്റണ്‍ കഴിഞ്ഞ ദിവസം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി അവതരിപ്പിച്ച നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറാലയതോടെയാണ് ഇദ്ദേഹം കൊവിഡ് കെയര്‍ സെന്ററില്‍ എത്തിയ കഥയും പുറത്തായത്.


കല്‍പ്പറ്റ: ക്ലിന്റണ്‍ റാഫേല്‍ എന്ന കലാകാരന്‍ ഒരിക്കലും വിചാരിക്കാത്ത ജീവിത യാത്രയിലാണ്. കലാകാരനായി ജീവിക്കാന്‍ പുറപ്പെട്ട ചെറുപ്പക്കാരനിപ്പോഴുള്ളത് സുല്‍ത്താന്‍ബത്തേരിയിലെ കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാണ് ഡ്യൂട്ടി. അവിടുത്തെ ശുചീകരണ തൊഴിലാളിയായ ക്ലിന്റണ്‍ കഴിഞ്ഞ ദിവസം രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി അവതരിപ്പിച്ച നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറാലയതോടെയാണ് ഇദ്ദേഹം കൊവിഡ് കെയര്‍ സെന്ററില്‍ എത്തിയ കഥയും പുറത്തായത്.

മീനങ്ങാടിയിലെ നൃത്തവിദ്യാലയത്തില്‍ അധ്യാപകനായിരിക്കവെ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയായിരുന്നു. പ്രതിസന്ധി തീര്‍ക്കാന്‍ മറ്റൊരു ജോലി അന്വേഷിച്ച ക്ലിന്റണ്‍ അങ്ങനെ കൊറോണ കെയര്‍ സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച് ശുചീകരണ തൊഴിലാളിയായി. കലാജീവിതം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഏത് തൊഴിലെടുക്കാനും തനിക്കിഷ്ടമാണെന്ന് ഇദ്ദേഹം ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

Latest Videos

undefined

കഴിഞ്ഞദിവസം യാദൃശ്ചികമായി സഹപ്രവര്‍ത്തകരുടെ കൂടി പ്രോത്സാഹനത്തിലാണ് പി.പി.ഇ കിറ്റ് ധരിച്ച് നൃത്തം ചെയ്തത്. ചമയവും അലങ്കാരവുമില്ലാതിരുന്നിട്ടും മുഖഭാവങ്ങള്‍ പോലും കാണാതിരുന്നിട്ടും ആളുകളെല്ലാം അഭിനന്ദിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്ലിന്റണ്‍ പറയുന്നു. ആര്‍.എല്‍.വി കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ ഈ 26 കാരന്‍ ഇപ്പോള്‍ ബാംഗ്ലൂരിലെ രേവ യൂണിവേഴ്സിറ്റിയില്‍ നൃത്തത്തില്‍ ഡിപ്ലോമ ചെയ്യുകയാണ്.

ബത്തേരി കൈപ്പഞ്ചേരിയിലെ വലിയപറമ്പില്‍ റാഫേലിന്റെയും മേഴ്സിയുടെയും മകനായ ഇദ്ദേഹം കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റയിനിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു നൃത്തം ചെയ്തത്. രോഗികള്‍ക്ക് എന്തെങ്കിലും ആശ്വാസത്തിന് വേണ്ടി ചെയ്ത പ്രകടനം സോഷ്യല്‍മീഡിയ ഏറ്റെടുത്തതില്‍ വീട്ടുകാരും സന്തോഷത്തിലാണെന്ന് ക്ലിന്റണ്‍ റാഫേല്‍ പറഞ്ഞു.  

click me!