കൺമുന്നിൽ കത്തിയെരിഞ്ഞ് ചാരമായ തങ്ങളുടെ കളിപ്പാട്ടങ്ങൾക്ക് പകരമായി ഈ പാവകൾ ലഭിക്കുമ്പോൾ കുട്ടികളിൽ ഒരു ചെറു പുഞ്ചിരി വിടരുമെന്നാണ് ലബാക്കി മുത്തശ്ശി വിശ്വസിക്കുന്നത്.
ബെയ്റൂട്ട്: കുരുന്നുകളുടെ കണ്ണിലെ തിളക്കം കാണാൻ അവർക്ക് പ്രിയപ്പെട്ട പാവകളെ സമ്മാനമായി നൽകിയാൽ മതിയാകും. എന്നാൽ അത്രമേൽ പ്രിയപ്പെട്ട പാവകൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അതെങ്ങനെ സഹിക്കും. അവരുടെ കണ്ണുതോരില്ല അല്ലേ! ഇതാ കുട്ടികളുടെ പുഞ്ചിരി മാത്രം കൊതിക്കുന്ന ഒരു മുത്തശ്ശി തന്റെ വാർദ്ധക്യ കാലത്തും പാവകളുണ്ടാക്കുകയാണ്, ബെയ്റൂട്ടിലെ ബോംബുസ്ഫോടനത്തിൽ കളിപ്പാട്ടങ്ങൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കായി.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഓഗസ്റ്റ് നാലിനാണ് വൻ സ്ഫോടനമുണ്ടായത്. നൂറ് കണക്കിന് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. കുറേ ഏറെ പേർക്ക് ഉറ്റവരെ നഷ്ടമായി. ഈ ദുരന്തഭൂമിയിൽ ബാക്കിയായ പെൺ കുഞ്ഞുങ്ങൾക്കായാണ് യൊലാന്റെ ലബാക്കി എന്ന കലാകാരി പാവകളെ ഉണ്ടാക്കുന്നത്.
undefined
സ്ഫോടനമുണ്ടായതിന്റെ പിറ്റേന്ന് അതായത് ഓഗസ്റ്റ് അഞ്ച് മുതൽ ലബാക്കി പുലർച്ചെ എഴുന്നേൽക്കും, പാവകളെ ഉണ്ടാക്കാൻ തുടങ്ങും. ഇതുവരെ 77 പാവകളെ ലബാക്കി നിർമ്മിച്ചു. ഇനിയും 23 എണ്ണം കൂടി ഉണ്ടാക്കേണ്ടതുണ്ട് ലബാക്കിക്ക്. ഓരോ പാവയിലും അത് എത്തിച്ചേരേണ്ട കുട്ടിയുടെ പേരെഴുതിയിട്ടുമുണ്ട്.
അക്രം നെഹ്മെ എന്നയാളാണ് ലബാക്കിയുടെ പാവനിർമ്മാണം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൺമുന്നിൽ കത്തിയെരിഞ്ഞ് ചാരമായ തങ്ങളുടെ കളിപ്പാട്ടങ്ങൾക്ക് പകരമായി ഈ പാവകൾ ലഭിക്കുമ്പോൾ കുട്ടികളിൽ ഒരു ചെറു പുഞ്ചിരി വിടരുമെന്നാണ് ലബാക്കി മുത്തശ്ശി വിശ്വസിക്കുന്നത്.