മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് 'ജാക്കും റോസും'; കൊവിഡ് ബോധവത്ക്കരണത്തിന് വേറിട്ട വഴിയുമായി കലാകാരൻ

By Web Team  |  First Published Sep 4, 2020, 9:30 AM IST

ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി വ്യത്യസ്ത സിനിമാ കഥാപാത്രങ്ങളിലാണ് ഈ കലാകാരൻ വൈഭവം തെളിയിച്ചിരിക്കുന്നത്. 


ബെംഗളൂരു: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് നിരവധി ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്നത്. ആരോ​ഗ്യപ്രവർത്തകരും പൊലീസും ഉൾപ്പടെ ഉള്ളവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഇപ്പോഴും അവ പാലിക്കാത്ത നിരവധി പേരുടെ വാർത്തകളും ദിവസവും പ്രത്യക്ഷപ്പെടുന്നു. ഈ അവസരത്തിൽ വേറിട്ട ബോധവത്ക്കരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബാദൽ നഞ്ചുന്ദസ്വാം എന്ന കലാകാരൻ. 

കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നഗര വീഥികളിൽ ചുവർച്ചിത്രങ്ങൾ വരച്ചാണ് ബെംഗളൂരു സ്വദേശിയായ ബാദൽ മാതൃക ആകുന്നത്. ഇദ്ദേഹത്തിന്റെ വരകളെല്ലാം തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് പറയുന്നത്. 

Latest Videos

undefined

കൊവിഡ് -19 നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് താൻ പെയിന്റിംഗുകൾ നിർമ്മിച്ചതെന്നും ഇതുവരെ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ബാദൽ പറയുന്നു. "ഇത് സമൂഹത്തിന് ഞാൻ നൽകുന്ന സംഭാവനയാണ്. നിരവധി ആളുകൾ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ഞാൻ കണ്ടു, അതിനാൽ എന്റെ കലയിലൂടെ അവരിൽ അവബോധം സൃഷ്ടിക്കാൻ ആഗ്രഹിക്കുകയായിരുന്നു. ആളുകൾ ഇതിലേക്ക് കണക്റ്റ് ചെയ്യുന്നതിനാൽ വിഷ്വലുകൾ ഏറെ പ്രധാനമാണ്", ബാദൽ പറയുന്നു.

ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി വ്യത്യസ്ത സിനിമാ കഥാപാത്രങ്ങളിലാണ് ഈ കലാകാരൻ വൈഭവം തെളിയിച്ചിരിക്കുന്നത്. "അകലം പാലിക്കുക, നെഗറ്റീവ് ആയി തുടരുക" പോലുള്ള രസകരമായ സന്ദേശങ്ങളും നിരവധി സ്ഥലങ്ങളിൽ വരയ്ക്കൊപ്പം ബാദൽ ചേർക്കാറുണ്ട്. ടൈറ്റാനിക് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജാക്കിനെയും റോസിനെയും മാസ്ക് ധരിപ്പിച്ച വരയാണ് ഇതിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. 

click me!