ഇന്നലെ പുലർച്ചെ അന്തരിച്ച മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാരുടെ സംസ്കാരം ദില്ലിയിലെ ലോധി ശ്മശാനത്തിൽ നടന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. അടിയന്തരാവസ്ഥയെ എതിർത്ത് ജയിലിൽ പോയ കുൽദീപ് നയ്യാർ എന്നും മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടു.
ദില്ലി: ഇന്നലെ പുലർച്ചെ അന്തരിച്ച മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാരുടെ സംസ്കാരം ദില്ലിയിലെ ലോധി ശ്മശാനത്തിൽ നടന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. അടിയന്തരാവസ്ഥയെ എതിർത്ത് ജയിലിൽ പോയ കുൽദീപ് നയ്യാർ എന്നും മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും, മനുഷ്യവകാശത്തിനും, മതേതരത്വത്തിനും വേണ്ടി ഇനി ഈ ശബ്ദം മുഴങ്ങില്ല. ഇന്നലെ പുലർച്ചെ 1.40ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നു. മൂന്നു ദിവസം മുമ്പ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വരെ സജീവമായിരുന്നു കുൽദീപ് നയ്യാർ. ഇപ്പോൾ പാകിസ്ഥാനിലുള്ള സിയാൽ കോട്ടിൽ ജനനം.
undefined
ഉറുദു പത്രമായ അൻജാമിൽ ലേഖകനായി തുടക്കം. ഏഴര പതിറ്റാണ്ടു കാലം മാധ്യമപ്രവർത്തനരംഗത്ത് നിറഞ്ഞു നിന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ദില്ലിയിൽ മാധ്യമപ്രവർത്തകരെ സംഘടിപ്പിച്ച് മാർച്ച് നടത്തിയ കുൽദീപ് നയ്യാരെ മിസ നിയമപ്രകാരം ജയിലിൽ ഇട്ടു. ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ്മാൻ തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായി. ആറു വർഷം രാജ്യസഭാംഗമായും ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചു.
ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്നപ്പോൾ കുറച്ചുകാലം മാധ്യമഉപദേഷ്ടാവായിരുന്നു. അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറയുന്ന ഭയരഹിതനായ മാധ്യമപ്രവർത്തകനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനാധിപത്യത്തിനും പൗരവകാശത്തിനും വേണ്ടി നിലകൊണ്ട വ്യക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
വരികൾക്കപ്പുറം എന്ന ആത്മകഥയുൾപ്പടെ പതിനഞ്ചിലധികം പുസ്തകങ്ങൾ. നിരവധി മാധ്യമങ്ങളിൽ എല്ലാ ആഴ്ചയും കോളം. വിഭജനകാലത്തെ മുറിവുകൾ നയ്യാരുടെ എഴുത്തിലൂടെ പുറത്തു വന്നു. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള നിരവധി സംഭവവികാസങ്ങൾ അടുത്തു നിന്ന് രേഖപ്പെടുത്തിയ അതികായന് വിട.