കുറിച്യർ മലയിലെ ഉരുൾപൊട്ടല്‍; 25 ഏക്കര്‍ കൃഷി നശിച്ചു

By Web TeamFirst Published Aug 13, 2018, 6:15 AM IST
Highlights

മലയ്ക്കുണ്ടായ വിള്ളല്‍ ഗുരുതരമെന്ന് റവന്യു ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നു. മഴ അധികമായാല്‍ വീണ്ടും ഉരുള്‍പ്പൊട്ടിയേക്കുമെന്ന മുന്നറിയിപ്പുകൂടി ആയപ്പോള്‍ ഭയം ഇരട്ടിച്ചു

വയനാട്: കടുത്ത മഴക്കെടുതി നേരിട്ട വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടിയത് വീണ്ടും ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കുറിച്യർ മലയില്‍ ഇന്നലെ രാത്രിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. എന്നാല്‍, ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ, 25 ഏക്കര്‍ കൃഷി നശിച്ചിട്ടുണ്ട്. ഇന്ന് അധികൃതര്‍ എത്തി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.

അതേസമയം, മക്കിമലയിലെ 325 പേരെയാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഇനിയും ഉരുള്‍പോട്ടുമോ എന്ന പേടിയോടെ ഇവര്‍ കഴിയുന്നത് അവരുടെ കണ്ണുകളിലെ ഭയം വ്യക്തമാക്കുന്നു. നേരത്തെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പോട്ടലില്‍ മലയുടെ ചില ഭാഗങ്ങള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്.

Latest Videos

മഴ കുറയുംവരെ ആരും വീടുകളിലേക്ക് പോകരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം. 350 പേരാണ് പുതിയിടം കുസുമഗിരി എല്‍പി സ്കൂളിലെ ക്യാമ്പില്‍ കഴിയുന്നത്. മലയ്ക്കുണ്ടായ വിള്ളല്‍ ഗുരുതരമെന്ന് റവന്യു ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നു. മഴ അധികമായാല്‍ വീണ്ടും ഉരുള്‍പ്പൊട്ടിയേക്കുമെന്ന മുന്നറിയിപ്പുകൂടി ആയപ്പോള്‍ ഭയം ഇരട്ടിച്ചു.

നിരവധി സന്നദ്ധ സംഘടനകളാണ് ആശ്വാസവുമായി സ്കൂളിലെത്തുന്നത്. റവന്യു തദ്ദേശസ്വയംഭരണ വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവര്‍ക്കോപ്പമുണ്ട്. ഏല്ലാവരോടും ആവശ്യപെടുന്നത് ഒരുകാര്യം മാത്രം. ഇനി ഉരുള്‍പോട്ടാന്‍ സാധ്യതയുണ്ടോ എന്ന് വേഗത്തില്‍ പരിശോധിക്കണം. ഇന്ന് ഉച്ചയ്ക്കെത്തുന്ന റവന്യു ജിയോളജി വകുപ്പുകളിലെ വിദഗ്ധ സംഘത്തിലാണ് എല്ലാവരുടെയും പ്രതീക്ഷ.

click me!