സുരേഷ് ഗോപി ബ്രാന്‍റ് അംബാസിഡറല്ല; തീരുമാനം തിരുത്തി തടിയൂരി കൊച്ചി മെട്രോ അധികൃതര്‍

By Web Team  |  First Published Feb 21, 2019, 3:58 PM IST

സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാന്‍റ് അംബാസിഡറാക്കിയ നടപടി മണിക്കൂറുകൾക്കുള്ളിൽ മെട്രോ അധികൃതർ തിരുത്തി. ബിജെപി രാജ്യസഭാംഗത്തെ ബ്രാന്‍റ് അംബാസിഡർ ആക്കിയത് വിവാദമായതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ച് വാർത്താകുറിപ്പ് ഇറക്കിയത്


കൊച്ചി: സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാന്‍റ് അംബാസിഡറാക്കിയ നടപടി മണിക്കൂറുകൾക്കുള്ളിൽ തിരുത്തി കെഎംആര്‍എൽ അധികൃതര്‍ . ബിജെപി രാജ്യസഭാംഗത്തെ ബ്രാന്‍റ് അംബാസിഡർ ആക്കിയത് വൻ വിവാദമായതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ച് വിശദീകരണ കുറിപ്പ് ഇറക്കിയത്.

മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയപ്പോഴാണ് വിവാദമായ പ്രഖ്യാപനം നടന്നത്. പരിപാടിയുടെ അധ്യക്ഷനായ കെ.എം.ആർ.എൽ എംഡി മുഹമ്മദ് ഹനീഷ്, മെട്രോയുടെ ബ്രാർന്‍റ് അംബാസിഡർ ആകണമെന്ന് സുരേഷ് ഗോപിയോട് ആഭ്യർത്ഥിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മെട്രോയുടെ ആവശ്യം സുരേഷ്ഗോപി അംഗീകരിക്കുകയും ചെയ്തു. 

Latest Videos

ഇതിന് പിന്നാലെ ബിജെപി രാജ്യസഭാംഗത്തെ കൊച്ചി മെട്രോ ബ്രാ‍ൻറ് അംബാസിഡർ ആക്കി പ്രഖ്യാപിച്ച സംഭവം വൻ വിവാദമായി. ബിജെപി എംപിയായ സുരേഷ് ഗോപിയെ എന്ത് അടിസ്ഥാനത്തിലാണ് കൊച്ചി മെട്രോയുടെ ബ്രാന്‍റ് അംബാസിഡര്‍ ആക്കുന്നതെന്ന വിമര്‍ശനവുമായി കോൺഗ്രസ് എംഎൽഎ വിടി ബൽറാം അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. തൊട്ടുപിറകെയാണ് കൊച്ചി മെട്രോ അധികൃതര്‍ തീരുമാനം തിരുത്തിയത്. സുരേഷ് ഗോപി ഒദ്യോഗിക ബ്രാന്‍റ് അംബാസിഡർ അല്ലെന്നും  മെട്രോയുടെ  ജനോപകാര പദ്ധതികളുടെ  ഭാഗമായി സഹകരിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും കെഎംആർഎൽ അറിയിച്ചു. 

കെഎംആര്‍എൽ ഫേസ്ബുക്ക് പേജിൽ പറഞ്ഞത് ഇങ്ങനെ:

"കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു"

click me!