മേഘാലയ ഖനി അപകടം: തിരച്ചിലില്‍ അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

By Web Team  |  First Published Jan 17, 2019, 7:15 PM IST

മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചിലില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.


ഷില്ലോങ്: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചിലില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഖനിയിലെ ജലത്തില്‍ സള്‍ഫറിന്‍റെ അംശം കൂടുതലുള്ളതിനാല്‍ മൃതദേഹം വേഗത്തില്‍ അഴുകാനുള്ള സാധ്യതയുണ്ട്, അതാവാം അസ്ഥികൂടങ്ങള്‍ കണ്ടെത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

നാവികസേനയുടെ തിരച്ചില്‍ യന്ത്രമാണ് അസ്ഥികൂടം കണ്ടെത്തിയത്. റിമോട്ട് കണ്ട്രോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമുപയോഗിച്ചാണ് വെള്ളത്തിനടിയില്‍ പരിശോധന നടത്തുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തന്നെയാണ് തൊഴിലാളികളില്‍ നവിക സേനയുടെ മുങ്ങള്‍ വിദഗ്ധര്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

Latest Videos

undefined

കഴിഞ്ഞ ഡിസംബര്‍ 13നാണ്  തൊഴിലാളികള്‍ അനധികൃത ഖനിയില്‍ കുടുങ്ങിയത്.  പതിനഞ്ച് തൊഴിലാളികളാണ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഖനിയുടെ സമീപത്തെ ലിറ്റീന്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനി ഇടിഞ്ഞാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ദുരന്തം നടന്ന കിഴക്കന്‍ ജയന്തിയ ഹില്‍സിലാണ് ഈ കല്‍ക്കരി ഖനി പ്രവര്‍ത്തിക്കുന്നത്. 2004-ല്‍ ഈ ഖനിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അപകടം നടന്ന് 12 ദിവസത്തിന് ശേഷമായിരുന്നു സംയുക്ത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഖനിയിലെ വെള്ളം കളയാന്‍ ശ്രമം നടത്തിയെങ്കിലും വലിയ അളവില്‍ വെള്ളമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസഹമാവുകയാണ്.

click me!