തിരുവനന്തപുരം: ബസ് ബോഡി നിര്‍മാണത്തിന് കെ.എസ്.ആര്‍.ടി.സി വീണ്ടും പുറം കരാര്‍ നല്‍കുന്നു . ബോഡി നിര്‍മിച്ച 100 ബസുകള്‍ വാങ്ങാൻ ടെണ്ടര്‍ ക്ഷണിച്ചു. എന്നാൽ ഇത് ഒറ്റത്തവണത്തേയ്ക്ക് മാത്രമെന്നാണ് കെ.എസ്.ആര്‍.ടി.സി വിശദീകരണം .
ബോഡിയടക്കം നിര്‍മിച്ച 80 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും 20 സൂപ്പര്‍ ഫാസ്റ്റ് ബസുകളും വാങ്ങാനാണ് കെ.എസ്.ആര്‍.ടി.സി ടെണ്ടര്‍ ക്ഷണിച്ചത്. 2001 -2006 കാലയവളവിൽ ബോഡി നിര്‍മാണത്തിന് പുറംകരാര്‍ നല്‍കിയതിനെതിരെ ഇടതു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ബസ് ബോഡി നിര്‍മാണം കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പുകളിലേയ്ക്ക് മാറ്റി . ഇടതു സര്‍ക്കാരിന്‍റെ കാലത്ത് തന്നെ പുറത്ത് ബോഡി നിര്‍മിച്ച ബസുകള്‍ വാങ്ങുന്നു. സര്‍ക്കാരിൽ നിന്ന് പദ്ധതി വിഹിതമായി കിട്ടിയ 19 കോടി രൂപ ലാപ്സാകാതിരിക്കാനാണിതെന്നാണ് കെ.എസ്.ആര്‍.ടി.സി വിശദീകരണം. ഒരു തവണത്തേയ്ക്ക് മാത്രം ഇങ്ങനെ ബസുകള്‍ വാങ്ങാനാണ് ബോര്‍ഡ് തീരുമാനമെന്നും കൂട്ടിചേര്‍ക്കുന്നു. അതേസമയം തന്നെ ചെയ്സുകള്‍ വാങ്ങി കെ.എസ്.ആര്‍.ടി.സി വര്‍ക്ക് ഷോപ്പുകളിൽ ബോഡി നിര്‍മിക്കാൻ മനുഷ്യാധ്വാനം ദേശീയ ശരാശരിയെക്കാള്‍ കൂടുതൽ വേണ്ടി വരുന്നുവെന്ന നിലപാടിലാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും. പുറംകരാര്‍ വീണ്ടു വന്നതോടെ തിരുവനന്തപുരം, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് എന്നീ വര്‍ക്ക് ഷോപ്പുകളിലെ മൂവായിരത്തോളം ജീവനക്കാര്‍ ആശങ്കയിലായി.