ഉസ്താദ് അംജത് അലിഖാന്റെ സംഗീത സ്കൂളിന് അനുവദിച്ച സ്ഥലം തിരിച്ചെടുക്കും

By Web Team  |  First Published Oct 7, 2016, 1:58 AM IST

തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് അംജത് അലിഖാന്റെ പേരില്‍ തുടങ്ങാനിരുന്ന അന്താരാഷ്‌ട്ര സംഗീത സ്കൂളിന് അനുവദിച്ച സ്ഥലം തിരിച്ചെടുക്കും . കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപുരത്ത് വേളിയില്‍ അനുവദിച്ച രണ്ടേക്കര്‍ തിരിച്ചെടുക്കാനാണ് ടൂറിസം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്.

ഉസ്താത് അംജത് അലിഖാന്റെ പേരില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സംഗീത വിദ്യാലയം തുടങ്ങാനായിരുന്നു യുഡിഎഫ് തീരുമാനം. സ്കൂള്‍ യാഥാര്‍ത്ഥ്യമായാല്‍ ഉസ്താദ് തിരുവനന്തപുരത്തേക്ക് താമസം മാറ്റാനും പദ്ധതി ഉണ്ടായിരുന്നു. വേളിയില്‍ രണ്ടേക്കര്‍ അനുവദിച്ച് ഉത്തരവിറക്കിയത് ഇക്കഴിഞ്ഞ ഫെബ്രവരി രണ്ടിന്. ഉസ്താദ് എത്തി തറക്കല്ലുമിട്ടു. അംജത് അലിഖാന്റെ കുടുംബാംഗങ്ങളും സംഗീതനാടക അക്കാദമി ചെയര്‍മാനും ടൂറിസം സാംസ്കാരിക സെക്രട്ടറിമാരും ചേര്‍ന്ന ട്രസ്റ്റിനായിരുന്നു നടത്തിപ്പ് ചുമതല. എന്നാല്‍ ഈ സ്ഥലം അനുവദിക്കേണ്ടതില്ലെന്നാണ് ടൂറിസം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം.

Latest Videos

undefined

വേളി ടൂറിസം വില്ലേജാണെന്നും മറ്റാവശ്യങ്ങള്‍ക്ക് സ്ഥലം അനുവദിക്കാനാകില്ലെന്നും  വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു. അതേസമയം ലോകമറിയുന്ന സംഗീതജ്ഞനെ വിളിച്ച് വരുത്തി അപമാനിക്കുകയാണെന്നാണ് മുന്‍ സാംസ്കാരിക മന്ത്രി കെസി ജോസഫിന്റെ ആരോപണം. തീരുമാനം മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ച് അനുമതി വാങ്ങാനാണ് ടൂറിസം വകുപ്പിന്‍റെ നീക്കം.  തിരുവനന്തപുരത്തെ പ്രമുഖ സാംസ്കാരിക നായകന്റെ  നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്കൂളിന് സ്ഥലം അനുവദിച്ചതെന്ന ആരോപണം നിലനില്‍ക്കെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് വിനോദസഞ്ചാര വകുപ്പിന് ഉള്ളത്.

 

click me!