ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്‍റെ മകന്‍ നന്ദമൂരി ഹരികൃഷ്ണയുടെ മതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്‍റെ മകന്‍ നന്ദമൂരി ഹരികൃഷ്ണയുടെ മതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്നാണ് ഇവരെ പുറത്താക്കാന‍് കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം എത്തിച്ചപ്പോഴായിരുന്നു ഇവര്‍ സെല്‍ഫിയെടുത്തത്. തീര്‍ത്തും നിര്‍ഭാഗ്യകരമായ നടപടിയാണെന്നും ജീവനക്കാര്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നന്ദമൂരി ഹരികൃഷ്ണ അപകടത്തില്‍ മരിച്ചത്. നല്‍ഗേണ്ട ജില്ലയില്‍ വച്ചായിരുന്നു അപകടം. നെല്ലൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടിയില്‍ വാഹനം ഓടിച്ചുകൊണ്ടിരിക്കെ, നന്ദമൂരി വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലൂടെ കയറി മറ്റൊരു കാറിലിടിക്കുകയായിരുന്നു.