പുതിയ ഫീച്ചർ പ്രകാരം ഉപഭോക്താവിന് ഓർഡർ ചെയ്ത ഭക്ഷണം വേഗത്തിൽ ലഭിക്കണമെങ്കിൽ ഫീസ് കൂടുതൽ നൽകണം. സൊമാറ്റോ ഇതുവരെ ഈ സേവനം അവതരിപ്പിച്ചിട്ടില്ല,
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി ചെയ്യുന്നതിനായി അധിക തുക ഈടാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ഫീച്ചർ പ്രകാരം ഉപഭോക്താവിന് ഓർഡർ ചെയ്ത ഭക്ഷണം വേഗത്തിൽ ലഭിക്കണമെങ്കിൽ ഫീസ് കൂടുതൽ നൽകണം. സൊമാറ്റോ ഇതുവരെ ഈ സേവനം അവതരിപ്പിച്ചിട്ടില്ല, എന്നാൽ സോമാറ്റോ ഉടൻ തന്നെ ഈ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരുവിൽ, ഒരു ഉപഭോക്താവിന് 16-21 മിനിറ്റ് ഡെലിവറിക്ക് 29 രൂപ അധികമായി നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. അതേസമയം, സൊമാറ്റോ ഗോൾഡ് അംഗങ്ങളും ഈ അധിക ഫീസിന് വിധേയമാണ്. അധിക കിഴിവുകളും ഓഫറുകളും നൽകുന്ന സൊമാറ്റോ ഗോൾഡ് ഉപഭോക്താക്കൾ പ്ലാറ്റ്‌ഫോം ഫീസും അടയ്ക്കുന്നു.
undefined
കഴിഞ്ഞ ദിവസം സൊമാറ്റോ പ്ലാറ്റ്‌ഫോം ചാർജ് 25 ശതമാനം വർധിപ്പിച്ച് ഓർഡറിന് 5 രൂപയാക്കിയിരുന്നു. ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും അഞ്ച് രൂപ ഇനി അധികമായി നൽകേണ്ടി വരും. നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു. ജനുവരിയിൽ ആണ് പ്ലാറ്റ്ഫോം ഫീസ് ഓർഡറിന് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2 രൂപ ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേ സമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും.
സൊമാറ്റോയുടെ സ്വന്തം ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്കിറ്റും ഓരോ ഓർഡറിനും ഹാൻഡ്‌ലിംഗ് ചാർജായി കുറഞ്ഞത് 2 രൂപ ഈടാക്കുന്നുണ്ട്. സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാൽ കമ്പനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും.