പണപ്പെരുപ്പം 231 ദശലക്ഷം ശതമാനം കടന്നതോടെ മൂല്യമുള്ള കറൻസി ഉണ്ടാക്കാനുള്ള 2008 ന് ശേഷമുള്ള സിംബാബ്‌വെയുടെ ആറാമത്തെ ശ്രമമാണിത്.
ഒരു റൊട്ടിക്ക് എത്ര വിലയുണ്ടാകും..സിംബാബ്‌വെയിലാണെങ്കിൽ 19,000 സിംബാബ്‌വെ ഡോളർ നൽകേണ്ടി വരും. കെട്ടുകണക്കിന് നോട്ട് കൊണ്ട് റൊട്ടി വാങ്ങാൻ പോകുന്ന അവസ്ഥ ആലോചിച്ച് നോക്കൂ..മൂല്യ തകർച്ചയുടെ പടുകുഴിയിലായിരുന്ന സിംബാബ്‌വെയുടെ കറൻസിയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് രാജ്യത്തിന്റെ കേന്ദ്ര ബാങ്ക്. ഓരോ ദിവസവും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കറൻസിയുടെ മൂല്യം തിരിച്ചുപിടിക്കുന്നതിനും മൂല്യത്തിൽ സ്ഥിരത വളർത്തിയെടുക്കാനും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനും പുതിയ കറൻസി പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ബാങ്ക്. . സിംബാബ്‌വെ ഗോൾഡ് (ZiG) എന്നറിയപ്പെടുന്ന പുതിയ കറൻസിക്ക് വിദേശനാണ്യ കരുതൽ ശേഖരവും സ്വർണമടക്കമുള്ള ലോഹങ്ങളും ആണ് മൂല്യം നൽകുന്നത്. സിംബാബ്‌വെയുടെ കറൻസി നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ ഏറ്റവും പുതിയ ശ്രമമാണിത് . പണപ്പെരുപ്പം 231 ദശലക്ഷം ശതമാനം കടന്നതോടെ മൂല്യമുള്ള കറൻസി ഉണ്ടാക്കാനുള്ള 2008 ന് ശേഷമുള്ള സിംബാബ്‌വെയുടെ ആറാമത്തെ ശ്രമമാണിത്.
പുതിയ കറൻസി നോട്ടുകൾ 1, 2, 5, 10, 50, 100, 200 എന്നീ മൂല്യങ്ങളിലുള്ളവയാണ് . പുതിയ കറൻസി പ്രാബല്യത്തിൽ വരുന്നതോടെ, എല്ലാ സിംബാബ്‌വെ ഡോളർ ബാങ്ക് ബാലൻസുകളും 1 യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഉപയോഗിച്ച് 13.56 മൂല്യമുള്ള സിംബാബ്‌വെ ഗോൾഡിലേക്ക് മാറും.പഴയ നോട്ടുകൾ പുതിയ കറൻസിക്കായി മാറ്റി വാങ്ങാൻ സിംബാബ്‌വെക്കാർക്ക് 21 ദിവസത്തെ സമയം അനുവദിച്ചു. ഈ കാലയളവിനുള്ളിൽ, സിംബാബ്‌വെക്കാർക്ക് അവരുടെ പഴയ നോട്ടുകൾ പുതിയ കറൻസിയിലേക്ക് മാറ്റാം. അതേ സമയം 100,000 സിംബാബ്‌വെ ഡോളർ നോട്ടുകളുള്ള വ്യക്തികൾക്ക് കെവൈസി മാനദണ്ഡങ്ങൾ ബാധകമാകും. ഈ തുക എവിടെ നിന്ന് ലഭിച്ചുവെന്നും എന്തിനാണ് അത് സൂക്ഷിച്ചതെന്നും അറിയേണ്ടതുണ്ടെന്ന് കേന്ദ്ര ബാങ്ക് ഗവർണർ വ്യക്തമാക്കി.
ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസിയുടെ കണക്കനുസരിച്ച്, രാജ്യത്തെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും 80% യുഎസ് ഡോളറാണ്. ഉപയോഗിക്കാൻ ആഗ്രഹിച്ചാൽ പോലും, സിംബാബ്‌വെ ഡോളർ കൊണ്ട് ഒന്നും വാങ്ങാൻ കഴിയില്ല. ഏറ്റവും ചെറിയ ഇടപാടുകൾ നടത്താൻ പോലും കെട്ട് കണക്കിന് സിംബാബ്‌വെ ഡോളർ കൊടുക്കേണ്ട അവസ്ഥയിൽ നിന്ന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് രാജ്യം