വര്‍ക്ക് ഫ്രം ഹോം, ടാസ്കിന് ദിവസം 3000 വരെ, കാശ് പോയ പാറ്റേൺ യുവതിയിൽ പയറ്റി കോഴിക്കോട്ടുകാരൻ, വിജയം; പക്ഷെ..

By Web Team  |  First Published Mar 14, 2024, 5:36 PM IST
നഷ്ടമായ പണം തിരികെ പിടിക്കാൻ തനതായ വഴിയിൽ സുജിത്ത് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയത്തിലെത്തി. 

വടക്കഞ്ചേരി: ഓൺലൈൻ തട്ടിപ്പിൽ തനിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ അതേ വഴി തെരഞ്ഞെടുത്ത യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്ത് സ്വദേശി സുജിത്താണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. നഷ്ടമായ പണം തിരികെ പിടിക്കാൻ തനതായ വഴിയിൽ സുജിത്ത് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയത്തിലെത്തി. വടക്കഞ്ചേരി സ്വദേശിയായ യുവതിയിൽ നിന്ന്  1.93 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. എന്നാൽ ഇവര്‍ പരാതി നൽകിയതോടെയാണ് കളിമാറിയത്. സുജിത്ത് കയ്യോടെ പൊലീസ് പിടിയിലായി.

നേരത്തെ ഓൺലൈൻ തട്ടിപ്പിൽ സുജിത്തിന് നഷ്ടമായത് 1.40 ലക്ഷം രൂപയായിരുന്നു. ഇത് തിരികെ പിടിക്കാൻ, തനിക്ക് ലഭിച്ച സന്ദേശത്തിന്റെ അതേ പാറ്റേണിൽ യുവതിയെ സമീപിച്ചു. ഒടുവിൽ 1.93 ലക്ഷം രൂപ വരെ അവരിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. വര്‍ക്ക് ഫ്രം ഹോം എന്ന പേരിൽ വാട്സാപ്പിൽ വന്ന സന്ദേശം വഴിയാണ് യുവതി കെണിയിൽ അകപ്പെട്ടത്. വിവിധ ടാസ്കുകൾ നൽകുന്നതാണ് രീതി. ആദ്യം ഓൺലൈനായി നൽകിയ ടാസ്കുകൾ പൂര്‍ത്തിയാക്കിയാൽ പണം നൽകുമെന്ന് വാഗ്ദാനം. അത് പൂര്‍ത്തിയാക്കിയപ്പോൾ പേമെന്റ് ലഭിച്ചു. പിന്നീട് നിശ്ചിത പണമടച്ച് ടാസ്കുകൾ തെരഞ്ഞെടുക്കുകയാണ് അടുത്ത ഘട്ടം. ഇതിലും വരുമാനം ലഭിച്ചതോടെ വിശ്വാസ്യത വര്‍ധിച്ചു. 

Latest Videos

undefined

കൂടുതൽ വരുമാനം ആഗ്രഹിച്ച് വലിയ തുകയടച്ചുള്ള ടാസ്കുകൾ തെരഞ്ഞെടുത്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഈ തുക ലഭിച്ചില്ലെന്ന് മാത്രമല്ല, അത് തിരികെ  ലഭിക്കാൻ പ്രൊസസിങ് ഫീ എടക്കം പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. 9300 രൂപ പല അക്കൗണ്ടുകളിലേക്കും ഒരു ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിൽ നേരിട്ടുമാണ് വാങ്ങിയത്. സുജിത്തിന്റെ അക്കൗണ്ടിലെ പണം പിൻവലിക്കും മുമ്പ് ഇയാളുടെ അക്കൗണ്ട് മരവിപ്പിക്കാൻ സാധിച്ചതായി പൊലീസ് പറഞ്ഞു. ഈ തട്ടിപ്പിന് സുജിത്തിനെ ഉത്തരേന്ത്യൻ സംഘം സഹായിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടമ്മ വായ്പ എടുത്തത് 4,000 രൂപ, മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി വാങ്ങിയത് 43,500; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!