ഇന്ത്യയിൽ തങ്ങുന്നതിന് പകരം യുവാക്കളെ പുറത്തുപോകാൻ പ്രേരിപ്പിക്കുന്നത് എന്താണെന്ന് നമ്മൾ ചോദിക്കേണ്ടതുണ്ട്? ഈ സംരംഭകരിൽ പലരും ഇന്ത്യയിൽ സന്തോഷത്തോടെ ജീവിക്കുന്നില്ല എന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം
ഇന്ത്യയിൽ സന്തുഷ്ടരല്ലാത്തതിനാൽ ധാരാളം യുവാക്കൾ തങ്ങളുടെ ബിസിനസ്സ് തുടങ്ങാൻ വിദേശത്തേക്ക് പോകുന്നുണ്ടെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. "അവർ ആഗോളതലത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന് ആഗ്രഹമുള്ളവരാണെന്നും വിരാട് കോഹ്‌ലിയുടെ നിലപാടുള്ള ഒരു യുവ ഇന്ത്യയുണ്ടെന്നും താൻ കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി. ലോകത്ത് താൻ ആരുടേയും പിന്നിലല്ല എന്നുള്ളതാണ് ആ നിലപാട്" രഘുറാം രാജൻ പറഞ്ഞു
മനുഷ്യ വിഭവശേഷി മെച്ചപ്പെടുത്തുന്നതിലും അവരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യയിൽ തങ്ങുന്നതിന് പകരം പുറത്തുപോകാൻ അവരെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് നമ്മൾ ചോദിക്കേണ്ടതുണ്ട്? ഈ സംരംഭകരിൽ പലരും ഇന്ത്യയിൽ സന്തോഷത്തോടെ ജീവിക്കുന്നില്ല എന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം'. അദ്ദേഹം ആവശ്യപ്പെട്ടു. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും രഘുറാം രാജൻ പറഞ്ഞു. രാജ്യത്തിന്റെ ജിഡിപി കണക്കുകളിലെ കുഴപ്പങ്ങൾ പരിഹരിക്കണം. 6 ശതമാനമാണ് നമ്മുടെ ആളോഹരി വരുമാനം. ഇത് ചൈനയുടെയും കൊറിയയുടെയും നേട്ടത്തേക്കാൾ വളരെ കുറവാണ്. ചിപ്പ് നിർമ്മാണത്തിനായി ഇന്ത്യ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിനെ രഘുറാം രാജൻ വിമർശിച്ചു. ഈ ചിപ്പ് നിർമ്മാണ ഫാക്ടറികൾക്ക് സബ്‌സിഡി നൽകുന്നതിന് കോടിക്കണക്കിന് ഡോളർ ചെലവഴിക്കേണ്ടിവരുമെന്നും മറുവശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പല മേഖലകൾക്കും സഹായമൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സെമി കണ്ടക്ടർ നിർമാണവും പാക്കേജിംഗ് യൂണിറ്റുകളും രാജ്യത്തേക്ക് വരുന്നത് ആകർഷിക്കുന്നതിനുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി സർക്കാർ 76,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അർദ്ധചാലക ഇൻസെൻന്റീവുകൾക്കായി, 2025 സാമ്പത്തിക വർഷത്തിൽ സർക്കാർ 6,900 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.