ജാപ്പനീസ് യെൻ 34 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ യെന്നിന്റെ മൂല്യം 151.97 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
യുഎസിന്റെ സാമ്പത്തിക നില മെച്ചപ്പെട്ട പശ്ചാത്തലത്തിൽ ഡോളർ കുതിച്ചുയർന്നതോടെ, ജാപ്പനീസ് യെൻ 34 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ യെന്നിന്റെ മൂല്യം 151.97 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലാണ് ജപ്പാന്റെ കറൻസി. കഴിഞ്ഞയാഴ്ച ജപ്പാൻ നെഗറ്റീവ് പലിശനിരക്കിൽ നിന്ന് പുറത്തുകടന്നതിന് ശേഷവും ഡോളറിനെ അപേക്ഷിച്ച് 7 ശതമാനത്തിലധികമാണ് യെൻ ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയാണ് 2007 ന് ശേഷം ആദ്യമായി ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് ഉയർത്തി നെഗറ്റീവ് പലിശ നയം അവസാനിപ്പിച്ചത്. യുക്രെയ്നിലെ യുദ്ധവും മറ്റ് ഘടകങ്ങളും മൂലമുണ്ടായ കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ നേരിടാൻ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ നിരക്കുകൾ വർദ്ധിപ്പിച്ചപ്പോൾ, ബാങ്ക് ഓഫ് ജപ്പാൻ നെഗറ്റീവ് പലിശ നയങ്ങളിൽ ഉറച്ചുനിൽക്കുകയായിരുന്നു.
യെന്നിന് പുറമേ ചൈനീസ് യുവാനും ന്യൂസിലൻഡ് ഡോളറും നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതും ഡോളറിനെ കൂടുതൽ മെച്ചപ്പെടുന്നതിലേക്ക് നയിച്ചു. ഡോളറിനെതിരെ യുവാന്റെ മൂല്യം 7.2285 ആയി കുറഞ്ഞു. ന്യൂസിലാൻഡ് ഡോളർ 0.2% ഇടിഞ്ഞ് 0.5988 ഡോളറായി.
അതേ സമയം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ നിന്ന് കരകയറി 32 പൈസ ഉയർന്ന് 83.29 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഐടി കമ്പനികളിൽ നിന്നുള്ള ഡോളർ വിറ്റഴിച്ചതാണ് രൂപയെ ഇന്നലെ തുണച്ചത്. ഇന്ന് ഡോളറിനെതിരെ നേരിയ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് രൂപയ്ക്ക് ഇന്ന് തിരിച്ചടിയായത്.