ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള ഭീമൻ; കന്നി യാത്രയ്‌ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ

By Web TeamFirst Published Jan 23, 2024, 1:06 PM IST
Highlights

ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലുതാണെന്ന അവകാശവാദമാണ് ഐക്കൺ ഓഫ് ദി സീസ് നിർമ്മാതാക്കളായ റോയൽ കരീബിയൻ ഇന്റർനാഷണൽ നടത്തിയിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ഏതാണെന്ന് അറിയാമോ? ആഡംബരം നിറയുന്ന 'ഐക്കൺ ഓഫ് ദി സീസ്' ക്രൂയിസ് കപ്പൽ ജനുവരി 27 മുതൽ അതിന്റെ കന്നി യാത്ര ആരംഭിക്കുകയാണ്. 'വണ്ടർ ഓഫ് ദി സീസ്' എന്നായിരുന്നു ഇതുവരെ ഈ ക്രൂയിസ് കപ്പലിന്റെ പേര്. ടൈറ്റാനിക്കിനെക്കാൾ അഞ്ചിരട്ടി വലുതാണെന്ന അവകാശവാദമാണ് ഐക്കൺ ഓഫ് ദി സീസ് നിർമ്മാതാക്കളായ റോയൽ കരീബിയൻ ഇന്റർനാഷണൽ നടത്തിയിരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ എന്ന പദവി നേടിയെടുത്ത ഐക്കൺ ഓഫ് ദി സീസ് കപ്പലിന് 1,200 അടിയോളം നീളവും 2,50,800 ടൺ ഭാരവുമുണ്ടെന്നാണ് റിപ്പോർട്ട്. ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. 20 നിലകളാണ് ഇവയ്ക്കുള്ളത്. അവധിക്കാല ആഘോഷങ്ങൾ മികവുറ്റതാക്കാൻ ഇതിലും നല്ല ഒരിടമില്ലെന്നാണ് റോയൽ കരീബിയൻ ഇൻറർനാഷണൽ പറയുന്നത്.  

Latest Videos

ദി സൺ റിപ്പോർട്ട് പ്രകാരം ഏകദേശം 2 ബില്യൺ ഡോളറാണ് കപ്പലിന്റെ വില. 20 നിലകളിൽ 18 എണ്ണം യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളതാണ്. ക്രൂയിസിൽ 40 റെസ്റ്റോറന്റുകളും ബാറുകളും ലോഞ്ചുകളും ഉണ്ട്. 55 അടിയോളമുള്ള ആറ് വെള്ളച്ചാട്ടങ്ങളും ഏഴു പൂളുകളുമുണ്ട്.  2,350  ജീവനക്കാരുടെ സേവനം യാത്രക്കാർക്ക് ലഭിക്കും. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ യാത്ര അത്യാഡംബരമെന്ന് പറയാതെ വയ്യ. പടിഞ്ഞാറൻ കരീബിയനിൽ 7 രാത്രികൾ ഉൾക്കൊള്ളുന്ന യാത്ര ഫ്ലോറിഡയിലെ മിയാമിയിൽ ആരംഭിക്കുന്നു. 2024 ജനുവരി 10 ന് അത് ആദ്യമായി മിയാമി തുറമുഖത്ത് പ്രവേശിച്ചു, അവിടെ നിന്ന് അതിന്റെ കന്നി യാത്ര ആരംഭിക്കും. റോയൽ കരീബിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഒരാൾക്ക് 1.5 മുതൽ 2 ലക്ഷം വരെ യാത്രയ്ക്ക് ചെലവാകും. എന്നാൽ സീസൺ  അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
 

click me!