കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് യുപിഐ ഇടപാടുകളിൽ വരുന്ന പ്രശ്നങ്ങളെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിച്ചത്.
മുംബൈ: യുപിഐ വഴിയുള്ള പണമിടപാടുകൾ പരാജയപ്പെടാൻ കാരണം വിശദീകരിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇടപാടുകളിൽ അടിക്കടിയുണ്ടാവുന്ന തടസങ്ങൾ ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യകൾ കാരണമായാണെന്ന് അദ്ദേഹം പറഞ്ഞു. യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) ഭാഗത്തു നിന്നുള്ള പ്രശ്നങ്ങളല്ല ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിലാണ് യുപിഐ ഇടപാടുകളിൽ വരുന്ന പ്രശ്നങ്ങളെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ സൂചിപ്പിച്ചത്. നാഷണൽ പേയ്മെന്റ് കോർപറേഷന്റെ സംവിധാനങ്ങളിൽ തകരാറുകളുണ്ടായിട്ടില്ലെന്നും അവിടെ പ്രശ്നങ്ങളിൽ നേരിടാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രശ്നങ്ങളുണ്ടാവുന്നത് ബാങ്കുകളുടെ ഭാഗത്തു നിന്നാണ്. ബാങ്കുകളുടെ നെറ്റ്‍വർക്ക് പ്രശ്നം വരെ ഇതിന് കാരണമാവുന്നു. ഇക്കാര്യം പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
ഡിജിറ്റൽ പേയ്മെന്റുകൾ പരാജയപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുമ്പോൾ ഉപഭോക്താക്കൾക്ക് അത് പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഏറ്റവുമൊടുവിൽ ജൂൺ നാലാം തീയ്യതി ഓഹരി വിപണികൾ കൂപ്പുകുത്തിയ സമയത്ത് നിരവധി ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ സാധിക്കാതെ വന്നു. ഇത് വിപണിയിലെ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കാത്ത സ്ഥിതിയുണ്ടാക്കി.
നിലവിൽ 450 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾ എല്ലാ ദിവസവും നടക്കുന്നതായാണ് കണക്കുകൾ. ഈ വർഷം മേയ് മാസത്തിൽ 31 തവണ ഡൗൺ ടൈം പ്രതിസന്ധിയുണ്ടാക്കി. ഏതാണ്ട് 47 മണിക്കൂറിലധികം പേയ്മെന്റ് ഗേറ്റ് വേകൾ ഓഫ്‍ലൈനായിരുന്നുവെന്നും നാഷണൽ പേയ്മെന്റ് കോർപറേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം