തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റോക്ക് വില 424 രൂപയിലായിരുന്നു. എന്നാൽ, ഫലം വന്നതിന് പിന്നാലെ, ഓഹരി 661.25 രൂപയിലേക്ക് കുതിച്ച് കയറി.
ദില്ലി: ലോക്‌സഭ, ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയായ ടിഡിപി മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ചന്ദ്രബാബു നായിഡു സ്ഥാപിച്ച കമ്പനിക്ക് ഓഹരി വിപണിയിൽ നേട്ടം. നായിഡുവിന്റെ കമ്പനിയായ ഹെറിറ്റേജ് ഫുഡ്‌സിൻ്റെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 55 ശതമാനം ഉയർന്നു. ഓഹരി വില ഉയർന്നതിന് പിന്നാലെ കമ്പനിയുടെ പ്രൊമോട്ടറായ നായിഡുവിൻ്റെ ഭാര്യ നര ഭുവനേശ്വരിയുടെ ആസ്തിയിൽ 535 കോടി രൂപയുടെ വർധിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റോക്ക് വില 424 രൂപയിലായിരുന്നു. എന്നാൽ, ഫലം വന്നതിന് പിന്നാലെ, ഓഹരി 661.25 രൂപയിലേക്ക് കുതിച്ച് കയറി.
1992-ലാണ് ചന്ദ്രബാബു നായിഡു ഹെറിറ്റേജ് ഫുഡ്‌സ് സ്ഥാപിച്ചത്. ഡയറി, പുനരുപയോഗ ഊർജ്ജം എന്നിവയാണ് ബിസിനസ്. നിലവിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ, എൻസിആർ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഹെറിറ്റേജിൻ്റെ പാലും പാലുൽപ്പന്നങ്ങളും വിപണിയിലുണ്ട്.
ബിഎസ്ഇ ഡാറ്റ പ്രകാരം 2,26,11,525 ഓഹരികൾ കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ മുൻനിര ഓഹരിയുടമയാണ് നാര ഭുവനേശ്വരി. നായിഡുവിൻ്റെ മകൻ നാരാ ലോകേഷിന് ഹെറിറ്റേജ് ഫുഡ്‌സിൻ്റെ 1,00,37,453 ഓഹരികളുണ്ട്. ഓഹരി കുതിച്ചുയർന്നതിന് ശേഷം, ലോകേഷിൻ്റെ ആസ്തിയും 237.8 കോടി രൂപ ഉയർന്നു. ടിഡിപി മത്സരിച്ച 17 സീറ്റുകളിൽ 16ലും വിജയിക്കുകയും തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 543 അംഗ ലോക്‌സഭയിൽ 293 സീറ്റുകളാണ് എൻഡിഎ നേടിയത്. 240 സീറ്റുകൾ മാത്രമാണ് നേടാനായത്. ചന്ദ്രബാബു നാഡിയുവിന്റെയും ജെഡിയു നേതാവ് നിതീഷിന്റെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിക്കുന്നത്.