യുകെ കണ്ട് കൊതിക്കും മുൻപ് ഈ കാര്യം അറിയണം; ചെലവ് കൂടും

By Web TeamFirst Published Feb 6, 2024, 4:35 PM IST
Highlights

യുകെ വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കുമ്പോള്‍ തന്നെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് അടയ്ക്കേണ്ടതുണ്ട്.

വിസയ്ക്കുള്ള ചെലവ് കുത്തനെ കൂട്ടി ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് കൂട്ടിയത് യുകെയില്‍ പ്രാബല്യത്തില്‍. ഇതോടെ വിസ ചെലവ് 62,400 രൂപയില്‍ നിന്നും 1,03,500 രൂപയായി ഉയരും. 66 ശതമാനമാണ് വര്‍ധന. പുതിയ നിരക്കുകള്‍ ഇന്നു മുതല്‍ ആണ് നിലവില്‍ വന്നത്. ജനവരി15ന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് നിരക്ക് വര്‍ധനയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. യൂത്ത് മൊബിലിറ്റി വിസയില്‍ എത്തിയവര്‍, കുട്ടികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള നിരക്ക് 47,000 രൂപയില്‍ നിന്നും 77,600 രൂപയായി. യുകെ വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കുമ്പോള്‍ തന്നെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് അടയ്ക്കേണ്ടതുണ്ട്. കുട്ടികളും മാതാപിതാക്കളുമായി താമസിക്കുന്നവരും, കുറഞ്ഞ ശമ്പള വരുമാനം ഉള്ളവരുമായ കുടുംബങ്ങള്‍ക്ക് വിസ പുതുക്കല്‍ ഭാരിച്ച ചെലവാണ് വരുത്തിവയ്ക്കുക.

വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ അധിക വിസ നിരക്കുകള്‍ യുകെയില്‍ അടുത്തിടെയാണ് നിലവില്‍ വന്നത്. ബ്രിട്ടീഷ് പാര്‍ലമെന്‍റ്   നടപ്പാക്കിയ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതോടെയിരുന്നു ഈ നിരക്ക് വര്‍ധനയും. വിദ്യാര്‍ഥികള്‍ക്കുള്ള വിസയില്‍ വന്‍ വര്‍ധനയാണ് യുകെ ഏര്‍പ്പെടുത്തിയത്. 12,700 രൂപ കൂട്ടി 50,000 രൂപയായാണ് വിസ ഫീ വര്‍ധിപ്പിച്ചത്. ജോലികള്‍ക്കുള്ള വിസയ്ക്കും, സന്ദര്‍ശക വിസയ്ക്കും 15 ശതമാനം വര്‍ധന വരുത്തുന്നതിന് കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള വിസയ്ക്കും സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ഷിപ്പിനും 20 ശതമാനമാണ് നിരക്ക് വര്‍ധന.

നൈപുണ്യമുള്ള തൊഴിൽ വിസകൾക്കുള്ള കുറഞ്ഞ വേതനം   29,000 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ($49,100) 47% വർധിപ്പിക്കുമെന്ന് സുനക് സർക്കാർ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു, ഇത് മുമ്പ് 18,600 പൌണ്ട് ആയിരുന്നു.  

click me!