സമീപഭാവിയില്‍ എപ്പോഴെങ്കിലും ഫാര്‍മ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നും അത് സംബന്ധിച്ച അവലോകനം നടക്കുകയാണെന്നും എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു
ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍ എന്നിവയ്ക്കും താരിഫ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ച തീരുവ പട്ടികയില്‍ ഫാര്‍മ, സെമികണ്ടക്ടറുകള്‍ എന്നിവ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവയ്ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്‍റെ പ്രസ്താവന വന്നയുടനെ ഇന്നലെ നേട്ടം കൈവരിച്ച ഫാര്‍മ ഓഹരികളില്‍ ഇന്ന് 7 ശതമാനം വരെ ഇടിവുണ്ടായി. സമീപഭാവിയില്‍ എപ്പോഴെങ്കിലും ഫാര്‍മ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നും അത് സംബന്ധിച്ച അവലോകനം നടക്കുകയാണെന്നും എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.വ്യാഴാഴ്ച 180 ലധികം രാജ്യങ്ങള്‍ക്ക് താരിഫ് പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ പരാമര്‍ശം. ഏപ്രില്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ ഇറക്കുമതികള്‍ക്കും 10 ശതമാനം സാര്‍വത്രിക താരിഫും ഏപ്രില്‍ 9 മുതല്‍ അധിക താരിഫുകളും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം താരിഫ് ബാധകമാണ്.
ഇന്ത്യന്‍ ഫാര്‍മ കമ്പനികളായ അരബിന്ദോ ഫാര്‍മ, ഐപിസിഎ ലബോറട്ടറീസ്, ലുപിന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ 10% വരെ ഇടിഞ്ഞു. മറ്റ് മരുന്ന് നിര്‍മ്മാതാക്കളുടെ ഓഹരികള്‍ 4% നും 9% നും ഇടയില്‍ ഇടിഞ്ഞു.
ഇന്ത്യ തീരുവ കുറയ്ക്കുമോ?
യുഎസില്‍ നിന്നുള്ള ഫാര്‍മ ഇറക്കുമതിയുടെ ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത് ഇന്ത്യക്ക് സാധ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം ഇന്ത്യ യുഎസില്‍ നിന്ന് ഏകദേശം 800 മില്യണ്‍ ഡോളറിന്‍റെ ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. അതേസമയം യുഎസിലേക്കുള്ള കയറ്റുമതി 8.7 ബില്യണ്‍ ഡോളറാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ തീരുവ കുറച്ചാല്‍ കയറ്റുമതിയിലെ തടസം ഒഴിവാക്കാം.
ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് അമേരിക്കയിലേക്ക് ആവശ്യമായ ആകെ ജനറിക് മരുന്നുകളുടെ 40 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. 2023-24 കാലയളവില്‍ ഇന്ത്യ 8.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മരുന്നുകളും ഫാര്‍മസ്യൂട്ടിക്കലുകളും യുഎസിലേക്ക് കയറ്റി അയച്ചിരുന്നു . അധിക തീരുവ ഏര്‍പ്പെടുത്തിയാല്‍ അത് ഗ്ലാന്‍ഡ് ഫാര്‍മ, അരബിന്ദോ, സൈഡസ് ലൈഫ്, ലുപിന്‍, സിപ്ല, സണ്‍ ഫാര്‍മ, ടോറന്‍റ് ഫാര്‍മ എന്നീ കമ്പനികളെ ബാധിക്കും. നിലവില്‍, ഇന്ത്യയില്‍ നിന്നുള്ള ഫാര്‍മ ഇറക്കുമതിക്ക് യുഎസ് ഒരു താരിഫും ചുമത്തുന്നില്ല,