ഇരിങ്ങാലക്കുടയിൽ നിന്നും പടക്കം വാങ്ങി പോകുന്നതിനിടയിൽ പെട്രോൾ അടിക്കാൻ പമ്പിൽ കയറി. എഞ്ചിന്‍റെ ഭാഗത്ത് നിന്നുള്ള ചൂടേറ്റ് കവർ ഉരുകി പടക്കം പൊട്ടിതെറിക്കുകയായിരുന്നു
തൃശൂർ: ഇരിങ്ങാലക്കുട ചേലൂർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ പടക്കം പെട്ടിതെറിച്ച് അപകടമുണ്ടായെങ്കിലും വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച്ച രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. കൂരിക്കുഴി സ്വദേശികളായ രണ്ട് പേർ ഇരിങ്ങാലക്കുടയിൽ നിന്നും പടക്കം വാങ്ങി പോകുന്നതിനിടയിൽ പെട്രോൾ അടിക്കാൻ ചേലൂരിൽ ഉള്ള പെട്രോൾ പമ്പിൽ കയറിയതായിരുന്നു. ബൈക്കിന്‍റെ ഹാൻഡിൽ ബാറിൽ തൂക്കിയിട്ടിരുന്ന പടക്കം എഞ്ചിന്‍റെ ഭാഗത്ത് നിന്നുള്ള ചൂടേറ്റ് കവർ ഉരുകി പൊട്ടിതെറിക്കുകയായിരുന്നു.
പെട്രോൾ പമ്പ് ജീവനക്കാരൻ പെട്രോൾ അടിക്കുന്നതിനായി പെപ്പ് എടുക്കുന്നതിനിടെയാണ് പൊട്ടിതെറി നടന്നത്. ബൈക്ക് മറിഞ്ഞ് വീണെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം സാധിച്ചു. എക്സ്പ്ലോക്സിവ് സാധനങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബൈക്ക് യാത്രക്കാരനായ രണ്ട് പേർക്കെതിരെയും ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തു. ശേഷം ഇരുവരെയും ജ്യാമത്തിൽ വിട്ടു.
തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു
അതിനിടെ കാസർകോട് നിന്നും പുറത്തുവരുന്ന വാർത്ത മുന്നാട് തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു എന്നതാണ്. പലചരക്ക് കടയുടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചാണ് രമിത മരണത്തിന് കീഴടങ്ങിയത്. റിമാൻഡിൽ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാമാമൃതം, തിന്നർ ഒഴിച്ച് രമിതയുടെ ശരീരത്തിൽ തീ കൊളുത്തിയത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനാണ് രാമാമൃതം. പതിവായി മദ്യപിച്ച് കടയിൽ വന്ന് രാമാമൃകം പ്രശ്നമുണ്ടാക്കുന്നത് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടയുടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധമാണ് രമിതയെ ആക്രമിക്കാൻ കാരണം എന്നാണ് വിവരം. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം