സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശ, ടാക്സ് സേവർ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുന്നതിലൂടെ നികുതിയിളവും
നികുതി ലാഭിക്കുന്നതൊടൊപ്പം മികച്ച റിട്ടേണും ലഭിക്കുന്നതിന് ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നത് ഒരു നല്ല വഴിയാണ്. സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാൾ ഉയർന്ന പലിശനിരക്കും ലഭിക്കുമെന്നതും അതേസമയം തന്നെ, ടാക്സ് സേവർ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കുന്നതിലൂടെ നികുതിയിളവും ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, ടാക്‌സ് സേവർ ഫിക്സഡ് ഡിപ്പോസിറ്റിന് 1.50 ലക്ഷം രൂപ വരെ നികുതിയിളവിന് അർഹതയുണ്ട്. സിംഗിൾ ഹോൾഡർ ഡെപ്പോസിറ്റ്, ജോയിന്റ് ഹോൾഡർ ഡെപ്പോസിറ്റ് എന്നിങ്ങനെ രണ്ട് ബാങ്കുകളിൽ നികുതി കിഴിവ് ക്ലെയിം ചെയ്യാവുന്ന ഫിക്സഡ് ഡിപ്പോസിറ്റാണ് ടാക്സ് സേവിംഗ് എഫ്ഡി. ടാക്സ് സേവർ എഫ്ഡിക്ക് 5 വർഷത്തെ മെച്യൂരിറ്റി കാലയളവ് ഉണ്ട്, ഈ എഫ്ഡിയുടെ കാലാവധി 5 വർഷമാണ്. നികുതി ലാഭിക്കുന്ന എഫ്ഡിയുടെ കാലാവധി പൂർത്തിയാകുമ്പോൾ, തുക എഫ്ഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കും. ഈ തുകക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കും.
ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന് ഉയർന്ന പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ ഇവയാണ്
എച്ച്ഡിഎഫ്സി ബാങ്ക്: സാധാണക്കാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നു .
ഐസിഐസിഐ ബാങ്ക്: രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ, ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന് 7 ശതമാനം പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കും
കൊട്ടക് മഹീന്ദ്ര ബാങ്ക്: സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന അതേ പലിശ ബാങ്ക് ഈ വിഭാഗത്തിലും വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തെ എഫ്ഡിയിൽ, 6.2 ശതമാനമാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകുന്ന പലിശ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : പ്രതിവർഷം 6.50 ശതമാനം ആണ് എസ്ബിഐ ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന് നൽകുന്ന പലിശ. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ₹1,000 ഉം കൂടിയത് ₹1.5 ലക്ഷവുമാണ്.
പഞ്ചാബ് നാഷണൽ ബാങ്ക് : പഞ്ചാബ് നാഷണൽ ബാങ്ക് സാധാരണ പൗരന്മാർക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും നൽകുന്നു