പണം കൊടുക്കാൻ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കണം; അധ്യാപകന് 63,000 രൂപ നഷ്ടമായത് ഇങ്ങനെ

By Web TeamFirst Published Dec 20, 2023, 6:10 PM IST
Highlights

ക്യൂ.ആര്‍ കോ‍ഡുകള്‍ എങ്ങനെ ലഭിക്കുന്നു എന്നുള്ളതാണ് പ്രധാനം. അപരിചിതരായ വ്യക്തികളില്‍ നിന്നും വാട്സ്ആപ് വഴിയും ഇ-മെയില്‍ വഴിയുമൊക്കെ ലഭിക്കുന്ന കോ‍ഡുകള്‍ തട്ടിപ്പുകളാവാന്‍ സാധ്യത ഏറെയാണ്.

വെബ്‍പേജുകള്‍ സന്ദര്‍ശിക്കാനും മൊബൈല്‍ നമ്പര്‍ പങ്കുവെയ്ക്കാനും മുതല്‍ പണമിടപാടുകള്‍ നടത്താന്‍ വരെ വ്യാപകമായി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നവയാണ് ക്യൂ.ആര്‍ കോ‍ഡുകള്‍. സ്‍മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ലളിതമായി ഇവ സ്കാന്‍ ചെയ്ത് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഉദ്ദേശിക്കുന്ന കാര്യം നിറവേറ്റാന്‍ കഴിയുമെന്നതാണ് ക്യു.ആര്‍ കോഡുകളുടെ സ്വീകാര്യതയ്ക്ക് കാരണം. ഒരു വെബ്‍സൈറ്റിലേക്കോ അല്ലെങ്കില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനിലേക്കോ അല്ലെങ്കില്‍ പണമിടപാടിലേക്കോ എളുപ്പത്തില്‍ എത്തിക്കുന്നതാണ് ക്വിക്ക് റിയാക്ഷന്‍ കോഡ് എന്ന ക്യൂ.ആര്‍ കോഡുകളുടെ ധര്‍മം.

എന്നാല്‍ എന്തിനും ഏതിനും ക്യൂ.ആര്‍ കോഡുകളുടെ സ്കാനിങ് പ്രചാരത്തിലായതോടെ അത് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ എന്ത് ആവശ്യങ്ങള്‍ക്കായും ക്യു.ആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധവേണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ 30 വയസുകാരനായ അധ്യാപകന് അടുത്തിടെയാണ് ഇത്തരമൊരു തട്ടിപ്പില്‍ 63,000 രൂപ നഷ്ടമായത്. വാട്സ്ആപിലൂടെ ലഭിച്ച ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്തതിന് പിന്നാലെയാണ്  അദ്ദേഹത്തെ കെണിയിലാക്കിയത്.

Latest Videos

ബംഗളുരു സ്വദേശിയായ അധ്യാപകന്‍ താന്‍ ഉപയോഗിച്ചിരുന്ന വാഷിങ് മെഷീന്‍ വില്‍ക്കാനായി പരസ്യം നല്‍കിയിരുന്നു. ഒരാള്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ വില നിശ്ചയിച്ച് കച്ചവടം ഉറപ്പിച്ചു. പണം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ഇടാമെന്ന് പറഞ്ഞ തട്ടിപ്പുകാരന്‍ ഇതിനായി ഒരു ക്യു.ആര്‍ അയച്ചുകൊടുത്ത ശേഷം സ്കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ഇത് ചെയ്തതിന് പിന്നാലെ അക്കൗണ്ടിലേക്ക് പണം കിട്ടുന്നതിന് പകരം അതിലുണ്ടായിരുന്ന പണം കൂടി നഷ്ടമാവുകയായിരുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവവുമല്ല ഇത്. ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണണെന്ന് വിദഗ്ധര്‍ പറയുന്നു.

ക്യൂ.ആര്‍ കോഡുകള്‍ എവിടെ നിന്ന് ലഭിക്കുന്നു എന്നുള്ളതാണ് പ്രധാനം. വിശ്വാസ്യതയുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഇത്തരം കോഡുകള്‍ പ്രശ്നമുണ്ടാക്കില്ല. എന്നാല്‍ അപരിചിതരില്‍ നിന്ന് വാട്സ്ആപ് വഴിയും സംശയകരമായ ഇ-മെയിലുകള്‍ വഴിയും ലഭിക്കുന്ന കോഡുകളെ സൂക്ഷിക്കണം. പ്രത്യേക വെബ്‍സൈറ്റിലേക്ക് എത്തിക്കുന്ന കോഡുകളാണെങ്കില്‍ ആ സെറ്റിന്റെ വിലാസം ശ്രദ്ധിക്കണം. 
പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വെബ്‍സൈറ്റുകള്‍ പോലെ നിര്‍മിക്കുന്ന വ്യാജ വെബ്‍സൈറ്റുകള്‍ നിരവധിയാണ്. ഇവയുടെ വിലാസങ്ങളില്‍ പലപ്പോഴും അക്ഷരത്തെറ്റുകളും മറ്റ് വ്യത്യാസങ്ങളും കാണാം. ഇത് ശ്രദ്ധിച്ചാല്‍ തട്ടിപ്പുകള്‍ തിരിച്ചറിയാം. ഫോണുകളില്‍ ഉപയോഗിക്കുന്ന ക്യു.ആര്‍ കോഡ് സ്കാനറുകളും ശ്രദ്ധിക്കണം. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന സ്കാനര്‍ ആപ്പുകള്‍ പണി തരുന്നവയല്ലെന്ന് ഉറപ്പുവരുത്തിയിരിക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!