നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ് ജെറ്റ് ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതോടെ ശക്തവും ലാഭക്ഷമതയുമുള്ള ഒരു വിമാന കമ്പനിയാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാപ്പരായ വിമാന കമ്പനിയായ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്‌പൈസ് ജെറ്റ്. ഇതിനായി ഏകദേശം 270 മില്യൺ ഡോളറിന്റെ പുതിയ മൂലധനം സമാഹരിക്കുന്നതിനുള്ള നടപടിയും കമ്പനി ആരംഭിച്ചു. സ്പൈസ് ജെറ്റ്, ഷാർജ ആസ്ഥാനമായുള്ള സ്കൈ വൺ, ആഫ്രിക്ക ആസ്ഥാനമായുള്ള സഫ്രിക് ഇൻവെസ്റ്റ്‌മെന്റ് എന്നിവയെല്ലാം ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതിന് ശ്രമിച്ചിരുന്നു. ഇതിൽ സ്‌കൈ വണ്ണിനും സഫ്രിക്കിനും യാത്രാ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കാര്യമായ പരിചയമില്ല. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പൈസ് ജെറ്റ് ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതോടെ ശക്തവും ലാഭക്ഷമതയുമുള്ള ഒരു വിമാന കമ്പനിയാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ സ്പൈസ് ജെറ്റ് താൽപ്പര്യം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പൈസ് ജെറ്റ് ഓഹരികളിൽ രണ്ട് ദിവസത്തിനിടെ 29 ശതമാനം നേട്ടം ഉണ്ടായി.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്ത നടപടിക്കായി മേയിലാണ് അപേക്ഷ നല്‍കിയിരുന്നത്. തകരാറിലായവയ്ക്ക് പകരമുള്ള എന്‍ജിനുകള്‍ അമേരിക്കന്‍ എന്‍ജിന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ നിലപാട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും , ബാങ്ക് ഓഫ് ബറോഡയുമാണ് ഗോ ഫസ്റ്റിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് 1,987 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 1,430 കോടിയുമാണ് ഗോ ഫസ്റ്റിന് നല്‍കിയത്. ഇവയ്ക്ക് പുറമേ ഐ.ഡി.ബി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോയിച്ചെ ബാങ്ക് എന്നിവയാണ് വായ്പ നല്‍കിയ ബാങ്കുകള്‍.
അതേ സമയം സ്പൈസ് ജെറ്റും കടുത്ത പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്.വിമാനം വാടകയ്‌ക്ക് നൽകുന്നവരുമായുള്ള പ്രശ്‌നങ്ങളും മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളും ആണ് സ്പൈസ് ജെറ്റിന് വെല്ലുവിളിയാകുന്നത്. ഒക്ടോബറിൽ സ്‌പൈസ് ജെറ്റിന് 5 ശതമാനം ആഭ്യന്തര വിപണി വിഹിതവും 6.28 ലക്ഷം യാത്രക്കാരും ആണ് ഉണ്ടായിരുന്നത്.