ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് അവകാശപ്പെട്ട് മധുരപലഹാരങ്ങൾ വിറ്റതിന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോണിന് നോട്ടീസ്
ദില്ലി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രസാദമാണെന്ന് അവകാശപ്പെട്ട് മധുരപലഹാരങ്ങൾ വിറ്റതിന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോണിന് നോട്ടീസ്. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ആണ് വഞ്ചനാപരമായ വ്യാപാര നടപടികളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് ആമസോണിന് നോട്ടീസ് അയച്ചത്.
ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദത്തിന്റെ പേരിൽ മധുരപലഹാരങ്ങൾ വിറ്റ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) നൽകിയ പരാതിയിലാണ് ചീഫ് കമ്മീഷണർ രോഹിത് കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള സിസിപിഎ ആമസോൺ സെല്ലർ സർവീസസിനെതിരെ നടപടി ആരംഭിച്ചത്.
undefined
എന്താണ് ഉത്പന്നം എന്നതിനെ കുറിച്ച് ഉപഭോക്താക്കൾക്ക് തെറ്റായ വിവരണം നൽകുന്ന ഇത്തരം രീതികൾ ഒഴിവാക്കണം. കൃത്യതയില്ലാത്ത വിവരണം തെറ്റായ ഉത്പന്നം വണങ്ങാൻ ഇടയാക്കുമെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) പറഞ്ഞു.
റാം മന്ദിർ 'പ്രസാദ്' എന്ന പേരിലാണ് മധുരപലഹാരം ആമസോൺ വില്പന നടത്തിയത്. ആമസോണിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഉൽപ്പന്നങ്ങളിൽ 'ശ്രീ റാം മന്ദിർ അയോധ്യ പ്രസാദ് - രഘുപതി നെയ്യ് ലഡൂ, അയോധ്യ രാം മന്ദിർ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡൂ, രാം മന്ദിർ അയോധ്യ പ്രസാദ് - ദേശി കൗ മിൽക്ക് പേഡ എന്നിവ ഉൾപ്പെടുന്നു.
അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ആമസോൺ നോട്ടീസിന് മറുപടി നൽകണം. ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പരാജയപ്പെട്ടാൽ, 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം സിസിപിഎക്ക് ആമസോണിനെതിരെ നടപടിയെടുക്കാൻ കഴിയും.