തെരഞ്ഞെടുപ്പിടെ നടന്നത് ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പോ? അറിയേണ്ടതെല്ലാം

By Web TeamFirst Published Jun 7, 2024, 4:20 PM IST
Highlights

എക്സിറ്റ് പോൾ  എന്ന ചൂണ്ടയിൽ കുരുങ്ങി ഇന്ത്യൻ ഓഹരി വിപണി സർവകാല റെക്കോർഡിലെത്തിയപ്പോൾ ഓഹരി  വിറ്റ് ലാഭമുണ്ടാക്കി എന്നാണ് രാഹുൽ ആരോപിക്കുന്നത്. 

തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഓഹരി വിപണികളിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടാകാറുണ്ട്. 2024  ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതുതന്നെ ആവർത്തിച്ചു. എന്നാൽ ഇത്തവണ ചരിത്രം കണ്ട ഏറ്റവും വലിയ ഉയർച്ചയും തകർച്ചയും ഓഹരി വിപണിയിൽ ഉണ്ടായി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് എൻഡിഎ സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് തന്നെ 'ഓഹരി വിപണി കുംഭകോണം' എന്ന ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് രാഹുൽഗാന്ധി. 

എന്താണ് രാഹുൽ ഗാന്ധി ആരോപിക്കുന്ന ഓഹരി വിപണി കുംഭകോണം?

Latest Videos

തെരഞ്ഞെടുപ്പ് വേളകളിൽ ഓഹരി വിപണികളിൽ വലിയ ചലനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര  മോദിയും അമിത് ഷായും ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ജനങ്ങൾക്ക് നിർദേശം നൽകിയെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 30 ലക്ഷം കോടി രൂപയുടെ അഴിമതി ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. എക്‌സിറ്റ് പോളുകളില്‍ മോദി തരംഗം ആവർത്തിക്കുമെന്ന് സൂചന കിട്ടിയതോടെ നിക്ഷേപകർ വലിയ നിക്ഷേപം നടത്തി. എന്നാൽ, ഫലപ്രഖ്യാപന ദിവസത്തെ ഓഹരി വിപണി തകർച്ചയിൽ റീട്ടെയിൽ നിക്ഷേപകര്‍ക്ക്  30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകരുടെ ചെലവിൽ ആയിരക്കണക്കിന് കോടി രൂപയുടെ ലാഭമെടുപ്പാണ് ഇവിടെ നടന്നെതെന്നാണ് രാഹുൽ ഗാന്ധിയുടെ ഉന്നയിക്കുന്നത്. സംഭവത്തിൽ സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് രാഹുൽ  ആവശ്യപ്പെട്ടിട്ടുമുണ്ട്. 

പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ നിർദേശിക്കേണ്ട ആവശ്യമെന്താണെന്നും രാഹുൽ ചോദിക്കുന്നുണ്ട്. "മേയ് 13 ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ, ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങണമെന്നാണ് ആഭ്യന്ത്ര മന്ത്രി പറഞ്ഞത്. ഇതേ ചാനലിന് മേയ് 19 ന് നൽകിയ അഭിമുഖത്തിൽ മേയ് നാലിന് ഓഹരി വിപണി റെക്കോർഡ് ബ്രേക്ക് ചെയ്യും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മേയ് 28 ന് ഇതേ കാര്യം ആവർത്തിക്കുകയും ചെയ്തു" എന്ന് രാഹുൽഗാന്ധി ആരോപിച്ചു. 

ഓഹരി വിപണിയിലേക്കുള്ള നിക്ഷേപത്തെ പ്രത്യക്ഷമായി തന്നെ പിന്തുണച്ച മോദി, ഷാ വാക്കുകളെ പിന്തുടർന്നുകൊണ്ട് നിക്ഷേപകർ ഓഹരി വിപണിയിലേക്കെത്തി. അവസാന ഘട്ട വോട്ടെടുപ്പിന് ശേഷം എക്‌സിറ്റ് പോൾ പുറത്തുവന്നപ്പോൾ മോദി തരംഗം ആഞ്ഞടിക്കുമെന്ന പ്രവചനങ്ങളാണ് ഉണ്ടായത്. ഇതുകൂടി ആയപ്പോൾ നിക്ഷേപകരുടെ ഒഴുക്കാണ് വിപണിയിലേക്ക് ഉണ്ടായത്. ഇതോടെ എല്ലാ റെക്കോർഡുകളും ഭേദിച്ച് ഓഹരി വിപണി കുതിച്ചു. എന്നാൽ, ജൂൺ നാലിന് ഇന്ത്യയുടെ ജനവിധി പുറത്തുവന്നതോടെ ഓഹരി വിപണി വലിയ തകർച്ച നേരിട്ടു. മോദി പ്രഭാവത്തിന് മങ്ങലേറ്റത് വിപണിയെ തകർത്തു. നാല് വർഷത്തിനിടയിൽ ഒറ്റദിവസത്തെ ഏറ്റവും വലിയ തകർച്ചയ്ക്ക് ഇന്ത്യൻ ഓഹരി വിപണി സാക്ഷ്യം വഹിച്ചു. 

ഇതിനിടയിൽ, മേയ് 31 ന് ഓഹരി വിപണിയിൽ വലിയ തോതിലുള്ള ഇടപാട് നടന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. മെയ് അവസാന വാരത്തിലെ മറ്റു ദിവസങ്ങളിൽ നടന്ന ഇടപാടുകളെ അപേക്ഷിച്ച് രണ്ടിരട്ടി അധികം വ്യാപാരമാണ് മേയ് 31ന് നടന്നത്. വിദേശ നിക്ഷേപകർ വരെ ഇന്ത്യൻ മാർക്കറ്റിലേക്ക് പണമൊഴുക്കി. എക്സിറ്റ് പോൾ  എന്ന ചൂണ്ടയിൽ കുരുങ്ങി ഇന്ത്യൻ ഓഹരി വിപണി സർവകാല റെക്കോർഡിലെത്തിയപ്പോൾ ഓഹരി  വിറ്റ് ലാഭമുണ്ടാക്കി എന്നാണ് രാഹുൽ ആരോപിക്കുന്നത്. 

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിക്ഷേപ നിർദേശം എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്വേഷിക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെടുന്നു. എക്സിറ്റ് പോളുകളുടെ തെറ്റായ പ്രവചനവും വിപണിയിലേക്ക് പണമൊഴുക്കി പണം വാരിയ വിദേശ നിക്ഷേപകരെ കുറിച്ചും ഇവരുമായി ബിജെപിക്കുള്ള ബന്ധം എന്താണെന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!