ബിയറിന്റെ നിലവിലുള്ള അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി 185 ശതമാനത്തിൽ നിന്ന് 195 ശതമാനമായി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
ബംഗളുരു: ബിയറിന് 10 ശതമാനം നികുതി വര്‍ദ്ധനവ് കൊണ്ടുവരാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഫെബ്രുവരി ആദ്യവാരം മുതല്‍ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ തീരുമാനം നടപ്പാക്കാനാണ് നീക്കം. സംസ്ഥാന ഖജനാവിലേക്ക് വലിയ വരുമാനം കൊണ്ടുവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന കൂട്ടാനാണ് ബിയര്‍ വില വര്‍ദ്ധിപ്പിക്കുന്നതെന്ന് എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ കര്‍ണാടകയിൽ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയും ബിയറിന്റെ വില വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍.
സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പ്രാബല്യത്തിൽ കൊണ്ടുവരാൻ ജനുവരി 27ന് ശേഷമേ എക്സൈസ് വകുപ്പ് നടപടികള്‍ തുടങ്ങൂ എന്ന് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ടി നാഗരാജപ്പ പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ബിയറിന്റെ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയിൽ വര്‍ദ്ധനവ് വരുത്തുകയാണ് ലക്ഷ്യം. ഇതോടെ 650 മില്ലീലിറ്റര്‍ ബിയറിന്റെ വിലയിൽ എട്ട് രൂപ മുതല്‍ 10 രൂപ വരെ വര്‍ദ്ധനവുണ്ടാകും. നിലവിലുള്ള അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി 185 ശതമാനത്തിൽ നിന്ന് 195 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്യും. മാറ്റത്തിലൂടെ സംസ്ഥാന ഖജനാവിലേക്ക് പ്രതിമാസം 20 കോടി രൂപ അധികമായി എത്തുമെന്നാണ് അനുമാനം.
undefined
കഴിഞ്ഞ വര്‍ഷം കര്‍ണാടകയിൽ പുതിയ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം അവതരിപ്പിച്ച ആദ്യ ബജറ്റിൽ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി 20 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ വര്‍ദ്ധനവോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിയറിന് ഏറ്റവും ഉയര്‍ന്ന വില ഈടാക്കുന്നതും കര്‍ണാടകയായി മാറും. ബിയറിന് ആവശ്യക്കാരേറുന്ന വേനൽകാലം ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്റെ നീക്കമെന്നും ആരോപണമുണ്ട്.
അതേസമയം സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വ്യാപാരത്തിൽ കുറവ് വന്നിട്ടുണ്ട്. കുറവില്ലാത്ത സംസ്ഥാനങ്ങളിൽ പോലും വില്‍പനയിൽ കാര്യമായ വര്‍ദ്ധനവൊന്നുമില്ല. എന്നാല്‍ 2022നെ അപേക്ഷിച്ച് 2023ൽ ബിയര്‍ വില്‍പന 15 ശതമാനം കൂടിയെന്നാണ് കണക്കുകൾ. ഇതോടെ ബിയറിന് വില കൂട്ടി മദ്യ വില്‍പന കൂട്ടാമെന്ന് കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടാവില്ലെന്ന വിലയിരുത്തലുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...