മാസ്റ്റർകാർഡ്, റുപേ അല്ലെങ്കിൽ വിസ എന്നിവയിൽ നിന്ന് ഇഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാം.
പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും നിങ്ങളുടെ ഇഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇനി മുതൽ ലഭിക്കും. സെപ്തംബർ 6 അതായത് നാളെ മുതൽ മാസ്റ്റർകാർഡ്, റുപേ അല്ലെങ്കിൽ വിസ എന്നിവയിൽ നിന്ന് ഇഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാം. മുമ്പ് ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കുമ്പോൾ നെറ്റ്‌വർക്ക് ഏതു വേണമെന്നുള്ളത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ലഭിക്കാറില്ലായിരുന്നു. കാർഡ് നൽകുന്ന ഇഷ്യൂവർ/ ബാങ്ക് തന്നെ നെറ്റ് വർക്ക് തെരഞ്ഞെടുത്ത് നൽകുകയായിരുന്നു പതിവ്. എന്നാൽ നാളെ മുതൽ ഇതിന് മാറ്റം വരികയാണ്.
വിസ, മാസ്റ്റർകാർഡ്, റുപേ മുതലായ ഏതെങ്കിലും കാർഡ് നെറ്റ്‌വർക്കുകളുമായി ബാങ്കുകൾക്ക് സാധാരണയായി ഒരു പ്രത്യേക കരാർ ഉണ്ടായിരിക്കും. അതിനാൽ ബാങ്കുകൾ ഈ നെറ്റ്‌വർക്കുകളുടെ കാർഡുകൾ ആണ് നൽകാറുള്ളത്. എന്നാൽ ബാങ്കുകളും നോൺ-ബാങ്ക് കാർഡ് വിതരണക്കാരും കാർഡ് നെറ്റ്‌വർക്കുകളുമായി പ്രത്യേക കരാറുകളിൽ ഏർപ്പെടുന്നത് നിരോധിച്ചുകൊണ്ട് മാർച്ച് 6 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സർക്കുലർ പുറപ്പെടുവിച്ചു. ബാങ്കുകളും ഇതര ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
കാലങ്ങളായി, വിസയും മാസ്റ്റർകാർഡും ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്കിലെ പ്രമുഖരാണ്. എന്നാൽ, ഇപ്പോൾ റുപേ നെറ്റ്‌വർക്കിൻ്റെ ഉയർച്ചയോടെ വിപണിയിൽ മത്സരങ്ങൾ വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് ഈ തീരുമാനം. ക്രെഡിറ്റ് കാർഡ് വിപണിയെ ജനാധിപത്യവൽക്കരിക്കുക, ആനുകൂല്യങ്ങൾ, ഫീസ്, ഉപഭോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുക എന്നുള്ളവയാണ് ഇതിനു പിന്നിലെ ലക്ഷ്യം.