24,713 കോടി രൂപ മൂല്യമുളളതാണ് ഫ്യൂച്ചർ ഗ്രൂപ്പ് -റിലയൻസ് ഓഹരി വിൽപ്പന ഇടപാട്.
മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ഹോൾസെയിൽ ബിസിനസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ലോങ് സ്റ്റോപ്പ് ഡേറ്റ് നീട്ടി റിലയൻസ്. ഓഹരി കൈമാറ്റം സംബന്ധിച്ച എല്ലാ നിബന്ധനകളും പരസ്പരം അംഗീകരിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന കാലാവധിയുടെ അവസാന ദിനമാണ് ലോങ് സ്റ്റോപ്പ് ഡേറ്റ്.
ആമസോണുമായി ബന്ധപ്പെട്ട നിയമ യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കാലാവധി റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വെഞ്ചേഴ്സ് നീട്ടിയിരിക്കുന്നത്. 2021 മാർച്ച് 31 എന്ന് നിശ്ചയിച്ചിരിക്കുന്ന തീയതി സെപ്റ്റംബർ 30 ലേക്ക് നീട്ടിയിരിക്കുന്നത്. 24,713 കോടി രൂപ മൂല്യമുളളതാണ് ഫ്യൂച്ചർ ഗ്രൂപ്പ് -റിലയൻസ് ഓഹരി വിൽപ്പന ഇടപാട്.
undefined
2020 ഓഗസ്റ്റ് 29 നാണ് ഫ്യൂച്ചർ ഗ്രൂപ്പ്- റിലയൻസ് ഇടപാട് പ്രഖ്യാപിക്കുന്നത്. ഇതിനെതുടർന്ന് യുഎസ് ഇ- കൊമേഴ്സ് ഭീമനായ ആമസോൺ നിയമപോരാട്ടം ആരംഭിച്ചു. മുൻ നിശ്ചയിച്ച കരാറിന്റെ ലംഘനം ആരോപിച്ചാണ് ആമസോൺ നിയമപോരാട്ടം തുടങ്ങിയത്.
യുഎസ് റീട്ടെയിൽ കമ്പനി 2019 ഓഗസ്റ്റ് മാസം ഫ്യുച്ചർ കൂപ്പൺസിൽ നിക്ഷേപം നടത്തിയിരുന്നു. മൂന്ന് മുതൽ 10 വർഷത്തിനുളളിൽ ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ വാങ്ങാം എന്ന ധാരണയോടെയായിരുന്നു ഈ നിക്ഷേപം. എന്നാൽ, ഫ്യൂച്ചർ ഗ്രൂപ്പ് പിന്നീട് ഇതിൽ നിന്ന് പിൻമാറുകയും റിലയൻസുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. ഈ ഓഹരി ഇടപാട് കരാർ മുൻ കരാറിന്റെ ലംഘനമാണെന്നാണ് ആമസോണിന്റെ വാദം.