ബാങ്ക് പല നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തി. അനർഹരായ പല കമ്പനികളുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു.
ദില്ലി: സ്വകാര്യമേഖല ബാങ്കായ കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ. നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 59 ലക്ഷത്തിലധികം രൂപ ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമാണ് കർണാടക ബാങ്കിനെതിരെ ആർബിഐ നടപടിയെടുത്തത്.
സെൻട്രൽ ബാങ്ക് പറയുന്നതനുസരിച്ച്, കർണാടക ബാങ്ക് പലിശ നിരക്ക്, ആസ്തി വർഗ്ഗീകരണം, നിക്ഷേപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ശരിയായി പാലിച്ചിരുന്നില്ല. 2022 മാർച്ച് 31 വരെയുള്ള കർണാടക ബാങ്കിൻ്റെ സാമ്പത്തിക ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് സെൻട്രൽ ബാങ്ക് അന്വേഷണം ആരംഭിച്ചത്. ബാങ്ക് പല നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തി. അനർഹരായ പല കമ്പനികളുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളിൽ ചില വായ്പാ അക്കൗണ്ടുകൾ പുതുക്കാനും അവലോകനം ചെയ്യാനും ബാങ്കിന് സാധിച്ചിട്ടില്ല. ബാങ്ക് അവയെ നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ചിട്ടുമില്ല. ഇതിന് പിന്നാലെ ബാങ്കിന് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടിയായി ബാങ്കിൽ നിന്ന് ലഭിച്ച മറുപടി വിശകലനം ചെയ്ത ശേഷമാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്.
അതേസമയം, കർണാടക ബാങ്കിനെതിരായ ഈ നടപടി ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ആർബിഐ അറിയിച്ചു. മംഗലാപുരം അടിസ്ഥാനമാക്കിയുള്ള ഒരു സ്വകാര്യ ബാങ്കാണ് കർണാടക ബാങ്ക്. ഇതിന് 22 സംസ്ഥാനങ്ങളിൽ 915 ബ്രാഞ്ചുകളുണ്ട്. 1.1 കോടി ഉപഭോക്താക്കളുണ്ട് ബാങ്കിന്.