പേടിഎം പേമെന്റ്സ് ബാങ്ക് വ്യക്തിവിവരങ്ങൾ ചൈനയിലേക്ക് കടത്തി?

By Web Team  |  First Published Mar 14, 2022, 11:13 PM IST

പേടിഎം ബാങ്കിൽ പരോക്ഷ നിക്ഷേപമുണ്ടായിരുന്ന ചൈന കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പേടിഎം പേമെന്റ്സ് ബാങ്ക് വിവരങ്ങൾ നൽകുന്നതായി കണ്ടെത്തിയിരുന്നു


ദില്ലി: പേടിഎമ്മിന്റെ ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന പേടിഎം പേമെന്റ്സ് ബാങ്കിനെതിരായ റിസർവ് ബാങ്ക് നടപടി വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. എന്നാൽ വ്യക്തിവിവരങ്ങളും മറ്റും വിദേശത്തെ സർവറുകളിൽ സൂക്ഷിച്ചതാണ് സ്ഥാപനത്തിനെതിരായ റിസർവ് ബാങ്ക് നടപടിക്ക് കാരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

റിസർവ് ബാങ്കിന്റെ വാർഷിക പരിശോധനയിൽ, പേടിഎം ബാങ്കിൽ പരോക്ഷ നിക്ഷേപമുണ്ടായിരുന്ന ചൈന കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പേടിഎം പേമെന്റ്സ് ബാങ്ക് വിവരങ്ങൾ നൽകുന്നതായി കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. 

Latest Videos

undefined

ചൈനയിലെ അലിബാബ ഗ്രൂപ്പ് ഹോൾഡിങ്സിനും അതിന്റെ മുഖ്യ ഓഹരിയുടമയായ ജാക് മായുടെ ആൻറ്റ് ഗ്രൂപ്പിനും പങ്കാളിത്തമുള്ളതാണ് പേടിഎം. ഇന്ത്യാക്കാരനായ വിജയ് ശേഖർ ശർമ്മയുമായി ചേർന്നാണ് പേടിഎം, രാജ്യത്ത് പേടിഎം പേമെന്റ്സ് ബാങ്ക് തുടങ്ങിയത്.

എന്നാൽ ചൈനയിലേക്കുള്ള വിവര കൈമാറ്റമാണ് റിസർവ് ബാങ്ക് നടപടിക്ക് കാരണമെന്ന വാദം പേടിഎം പേമെന്റ്സ് ബാങ്ക് തള്ളി. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

ആർബിഐ നടപടി വന്നതിന് പിന്നാലെ തിങ്കളാഴ്ച പേടിഎം ഓഹരികൾ 13.3 ശതമാനം ഇടിഞ്ഞിരുന്നു. റിസർവ് ബാങ്കിന്റെ ശിക്ഷ പേടിഎം പേമെന്റ്സ് ബാങ്കിന് സ്മോൾ ഫിനാൻസ് ബാങ്കാവുന്നതിൽ വിഘാതമാകും. കൂടുതൽ നിക്ഷേപം സമാഹരിക്കാനും കഴിഞ്ഞെന്ന് വരില്ല. ഇവർക്കിപ്പോൾ 300 ദശലക്ഷം വാലറ്റുകളും 60 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഓരോ മാസവും നാല് ലക്ഷം പേരെ വീതം തങ്ങളുടെ ഭാഗമാക്കി മുന്നേറുന്നതിനിടെയാണ് കമ്പനിക്ക് റിസർവ് ബാങ്കിന്റെ കനത്ത പ്രഹരമേറ്റത്.

click me!