മാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ ആര്‍ബിഐ നിര്‍ദേശം; ഇടപാടുകള്‍ പ്രാദേശിക കറന്‍സി വഴിയും

കേന്ദ്ര ബാങ്കുകള്‍ക്കിടയിലുള്ള അന്താരാഷ്ട്ര-പ്രാദേശിക ഇടപാടുകള്‍ക്കുള്ള പേയ്മെന്‍റുകള്‍ നടത്തുന്നതിനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് 
ഏഷ്യന്‍ ക്ലിയറിങ് യൂണിയന്‍

RBI permits settlement of trade transactions with Maldives in local currencies

മാലിദ്വീപുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ക്കുള്ള പണം കൈമാറ്റം പ്രാദേശിക കറന്‍സികളായ ഇന്ത്യന്‍ രൂപ , മാലിദ്വീപ് റുഫിയ എന്നിവ വഴിയും നടത്താമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഏഷ്യന്‍ ക്ലിയറിംഗ് യൂണിയന് പുറമേയാണ് പുതിയ സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം ആര്‍ബിഐ മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ക്കിടയിലുള്ള അന്താരാഷ്ട്ര-പ്രാദേശിക ഇടപാടുകള്‍ക്കുള്ള പേയ്മെന്‍റുകള്‍ നടത്തുന്നതിനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് 
ഏഷ്യന്‍ ക്ലിയറിങ് യൂണിയന്‍. ബംഗ്ലാദേശ്, ബെലാറസ്, ഭൂട്ടാന്‍, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും മോണിറ്ററി അതോറിറ്റികളും ആണ് ഏഷ്യന്‍ ക്ലിയറിങ് യൂണിയനിലുള്ളത്.

ഉഭയകക്ഷി ഇടപാടുകള്‍ക്കായി പ്രാദേശിക കറന്‍സികളായ ഇന്ത്യന്‍ രൂപ , മാലിദ്വീപ് റുഫിയ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2024 നവംബറില്‍ ആര്‍ബിഐയും മാലിദ്വീപ് മോണിറ്ററി അതോറിറ്റിയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇത് പ്രകാരമാണ് പുതിയ സംവിധാനം ആര്‍ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.

Latest Videos

ഇന്ത്യ - മാലിദ്വീപ് വ്യാപാരം

2023ല്‍ ഇന്ത്യ മാലദ്വീപിലേക്ക് 591 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് കയറ്റുമതി ചെയ്തുത്. ഇന്ത്യ മാലദ്വീപിലേക്ക് കയറ്റുമതി ചെയ്ത പ്രധാന ഉല്‍പ്പന്നങ്ങള്‍ ഗ്രാനൈറ്റ് , മരുന്നുകള്‍ , അസംസ്കൃത ഇരുമ്പ് , സിമന്‍റ്, അരി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കോഴി എന്നിവയായിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് മാലദ്വീപിലേക്കുള്ള കയറ്റുമതി 14.5% വര്‍ദ്ധിച്ചു. സമുദ്രോല്‍പ്പന്നങ്ങളാണ് മാലിദ്വീപ് ഇന്ത്യയിലേക്ക് പ്രധാനമായും കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാലിദ്വീപില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി വാര്‍ഷിക നിരക്കില്‍ 30.6% വര്‍ദ്ധിച്ചിട്ടുണ്ട്.

click me!