ആരോഗ്യത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചുവരുന്നതോടെ, സ്ത്രീകള്‍ ഇപ്പോള്‍ സ്വന്തമായുള്ള പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നത് കൂടിയിട്ടുണ്ട്
ലിംഗഭേദമില്ലാതെ ഓരോ വ്യക്തിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യയില്‍, സ്ത്രീ കേന്ദ്രീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അടുത്ത കാലം വരെ ലഭ്യമായിരുന്നില്ല, കൂടാതെ സ്ത്രീകള്‍ അവരുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കായി കൂടുതലും കുടുംബ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെയാണ് ആശ്രയിച്ചിരുന്നത്. പക്ഷെ സ്ത്രീകള്‍ക്ക് മാത്രമായി വരുന്ന അസുഖങ്ങളെ കവര്‍ ചെയ്യുന്നതല്ല ഇതില്‍ പല പോളിസികളുമെന്നാതാണ് യാഥാര്‍ത്ഥ്യം.
ആരോഗ്യത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചുവരുന്നതോടെ, സ്ത്രീകള്‍ ഇപ്പോള്‍ സ്വന്തമായുള്ള പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നത് കൂടിയിട്ടുണ്ട് . ഇതിന്‍റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേകം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്.
സ്ത്രീകള്‍ക്ക് മാത്രമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ
സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും കവറേജ് നല്‍കുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. കുടുംബത്തിനായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി, പ്രസവാനന്തര കവറേജിന് പുറമേ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിലെ പ്രത്യുല്‍പാദന ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ക്കും സമഗ്രമായ കവറേജ് സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നല്‍കുന്നു.
പ്രത്യുല്‍പാദന ആരോഗ്യ പ്രശ്നങ്ങള്‍
പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ ആര്‍ത്തവവിരാമം വരെ ഒരു സ്ത്രീ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയയാകുന്നു. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്), എന്‍ഡോമെട്രിയോസിസ്, പെല്‍വിക് ഓര്‍ഗന്‍ പ്രോലാപ്സ് തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ഇത്തരം പ്രത്യുല്‍പാദന ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി ആശുപത്രിവാസത്തിനും ഡേകെയര്‍ ചെലവുകള്‍ക്കും കവറേജ് നല്‍കുന്നു.
പ്രസവാവധി കവറേജും നവജാത ശിശു പരിചരണവും
ഗര്‍ഭകാലത്തും നവജാതശിശുവിനും ആവശ്യമുള്ള ചികിത്സ ചെലവേറിയതിനാല്‍ പ്രസവാനന്തര പരിരക്ഷ അത്യാവശ്യമാണ്. മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒരു ആഡ്-ഓണ്‍ ആയാണ് പ്രസവ പരിരക്ഷ നല്‍കുന്നത. ഈ ആഡ്-ഓണുകള്‍ പലപ്പോഴും പരിമിതമായ കവറേജ് മാത്രമാണ് നല്‍കുന്നത്. വന്ധ്യതാ ചികിത്സകള്‍ക്കുള്ള കവറേജ്, ജനന നിയന്ത്രണ നടപടികള്‍, കുട്ടികളുടെ ചികിത്സകള്‍, ജനനത്തിനു ശേഷമുള്ള ഒരു നിശ്ചിത കാലയളവിലേക്കുള്ള വാക്സിനേഷനുകള്‍ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങള്‍ സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാഗ്ദാനം ചെയ്യുന്നു.
പ്രതിരോധ പരിചരണം
ആര്‍ത്തവവിരാമത്തിനുശേഷം, സ്ത്രീകള്‍ക്ക് ഹൃദ്രോഗം, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഈ തരത്തിലുള്ള കവറേജില്‍ പാപ് സ്മിയര്‍, തൈറോയ്ഡ് പ്രൊഫൈല്‍, വിറ്റാമിന്‍ പ്രൊഫൈല്‍ മുതലായ വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ ഉള്‍പ്പെടുന്നു, ഇത് ഈ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്താന്‍ സഹായിക്കുന്നു. പല ഗുരുതരമായ രോഗങ്ങള്‍ക്കും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കാന്‍ നേരത്തെയുള്ള കണ്ടെത്തല്‍ സഹായിക്കും.
ഗുരുതരമായ രോഗങ്ങള്‍ക്കുള്ള കവറേജ്
സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സ്ത്രീകള്‍ക്ക് മാത്രമുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കവറേജ് നല്‍കുന്നു, ഉദാഹരണത്തിന് സെര്‍വിക്കല്‍ കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മാനസികാരോഗ്യ സേവന പരിരക്ഷ
ഹോര്‍മോണ്‍ മാറ്റങ്ങള്‍, പ്രസവം, ജീവിത സാഹചര്യങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ കാരണം സ്ത്രീകള്‍ പലപ്പോഴും വിഷാദം, സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് വിധേയരാകാറുണ്ട്. സാമ്പത്തിക സഹായത്തിന്‍റെ അഭാവവും മാനസികാരോഗ്യ സംരക്ഷണത്തിനുള്ള പരിമിതമായ അറിവും കാരണം സ്ത്രീകള്‍ കഷ്ടപ്പെടുന്നു. സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാനസികാരോഗ്യ സംരക്ഷണം കൂടി ഉള്‍പ്പെടുന്നുണ്ട്.
സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടാത്തവ
ലൈംഗികമായി പകരുന്ന രോഗങ്ങള്‍
സ്വയം വരുത്തിവച്ച പരിക്ക്
വീട്ടില്‍ തന്നെയുള്ള ആശുപത്രിവാസം
ലഹരിവസ്തുക്കളുടെ ഉപയോഗം
ഇന്ത്യയ്ക്ക് പുറത്തുള്ള വൈദ്യചികിത്സ
സ്ത്രീകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?
1. സാമ്പത്തിക സ്വാതന്ത്ര്യം
ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതിനാല്‍, ഒരു സ്ത്രീക്ക് തന്‍റെ ചികിത്സാ ചെലവുകള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ല.
2. ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക
ഒരു വനിതാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്ത്രീകളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുകയും സാമ്പത്തിക പരിമിതികള്‍ കാരണം ചികിത്സ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു
3. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം
ആരോഗ്യ ഇന്‍ഷുറന്‍സ് ഉപയോഗിച്ച് മികച്ച ആശുപത്രികളില്‍ പണം അടയ്ക്കാതെ തന്നെ ചികിത്സ ലഭിക്കും
4 നികുതി ആനുകൂല്യങ്ങള്‍
ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത് മറ്റൊരു നേട്ടമാണ്: ഒരു സ്ത്രീയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി അടച്ച പ്രീമിയത്തിന് അവര്‍ക്ക് നികുതി കിഴിവ് നേടാം.