ഓൺലൈൻ തട്ടിപ്പുകാർ കുടുങ്ങും; ഡിജിറ്റൽ പേയ്‌മെന്റുകള്‍ക്ക് പുതിയ സംവിധാനമൊരുക്കാൻ ആർബിഐ

By Web Team  |  First Published Jun 7, 2024, 5:41 PM IST

യുപിഐ, ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ തടയാനാണ് ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്.


ൺലൈൻ പേയ്‌മെന്റ് തട്ടിപ്പുകാർ ജാഗ്രതൈ. നിങ്ങളുടെ തട്ടിപ്പുകൾ ഇനി അത്ര എളുപ്പം നടക്കില്ല. തട്ടിപ്പുകാരെ നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ഒരുക്കുന്നു. യുപിഐ, ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ തടയാനാണ് ഡിജിറ്റൽ പേയ്‌മെന്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വശങ്ങൾ പരിശോധിക്കാൻ ആർബിഐ ഒരു സമിതി രൂപീകരിച്ചു.

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തെ കുറിച്ച് വിശദമായി പരിശോധിക്കുന്നതിനാണ് സമിതി രൂപീകരിക്കുന്നത്.  എൻപിസിഐയുടെ ആദ്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ  അഭയ് ഹൂഡയുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക.    ഇവരെ കൂടാതെ എൻപിസിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പ്രതിനിധികളേയും   സമിതിയിൽ ഉൾപ്പെടുത്തും. ഡിജിറ്റൽ പേയ്‌മെന്റുകളുടെ സുരക്ഷ  ശക്തിപ്പെടുത്തുന്നതിനും നിയന്ത്രണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനുമായാണ് പുതിയ സംവിധാനം സജ്ജമാക്കുന്നത്. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ഈ പ്ലാറ്റ്ഫോം, പേയ്‌മെന്റ് തട്ടിപ്പ് കുറയ്ക്കാനും  ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

Latest Videos

മെയ് 30 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ   പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ബാങ്കുകൾ റിപ്പോർട്ട് ചെയ്ത സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിരുന്നു.  2023 സാമ്പത്തിക വർഷത്തിൽ തട്ടിപ്പുകളുടെ എണ്ണം 166 ശതമാനം വർധിച്ചു. 2023- 24 സാമ്പത്തിക വർഷം ആകെ   36,075 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023-ൽ ഇത് 13,564 എണ്ണം മാത്രമായിരുന്നു.

click me!