പ്രധാനമന്ത്രിയുടെ സെൽഫി ബൂത്തുകൾക്ക് എത്ര ചെലവായി? ഉത്തരം നൽകിയ ഉദ്യോഗസ്ഥന് സ്ഥലമാറ്റം

By Web Team  |  First Published Jan 3, 2024, 2:23 PM IST

പ്രധാനമന്ത്രിയുടെ സെൽഫി ബൂത്തുകളുടെ വിലവിവരം പുറത്തുവിട്ട റെയിൽവേ ഉദ്യോഗസ്ഥന് സ്ഥലമാറ്റം.


ദില്ലി: പ്രധാനമന്ത്രിയുടെ സെൽഫി ബൂത്തുകളുടെ വിലവിവരം പുറത്തുവിട്ട റെയിൽവേ ഉദ്യോഗസ്ഥന് സ്ഥലമാറ്റം. റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോകളുള്ള സെൽഫി ബൂത്തുകളുടെ വിലവിവരം നൽകിയതിന് ശേഷമാണ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവരാജ് മനസ്പുരെയ്ക്ക് അപ്രതീക്ഷിതമായി സ്ഥാമാറ്റ ഓർഡർ കിട്ടിയത്. കാരണം പറയാതെയോ അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിംഗ് എവിടെയാണെന്ന് പറയാതെയോ ആണ് സ്ഥാനത്ത് നിന്നും നീക്കിയത് എന്നാണ് റിപ്പോർട്ട്. 

കഴിഞ്ഞ മാസം, ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി, സ്റ്റേഷനുകളിൽ പ്രധാനമന്ത്രി മോദിയെ അവതരിപ്പിക്കുന്ന 3D സെൽഫി ബൂത്തുകളുടെ വില അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഡിസംബർ 29-ന് ആണ് സ്ഥലംമാറ്റ വിവരം അറിയിക്കുന്നത്. ശിവരാജ് മനസ്പുരെയ്ക്ക് പകരം സ്വപ്നിൽ ഡി നിളയെ സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസറായി നിയമിച്ചു. 

Latest Videos

undefined

അതേസമയം, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജറായിരിക്കെ വരുമാനം വർധിപ്പിക്കുന്നതിനും ടിക്കറ്റില്ലാത്ത യാത്രകൾ, മോഷണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുമായി നടത്തിയ ശ്രമങ്ങളുടെ പേരിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനാണ് ശിവരാജ് മനസ്പുരെ.  

പല പ്രധാന സ്റ്റേഷനുകളിലും റെയിൽവേ 'പ്രധാനമന്ത്രി സെൽഫി ബൂത്തുകൾ' സ്ഥാപിച്ചിട്ടുണ്ട്. അമരാവതിയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ അജയ് ബോസ് ആണ് സെൻട്രൽ, വെസ്റ്റേൺ, സതേൺ, നോർത്തേൺ, നോർത്ത് വെസ്റ്റേൺ റെയിൽവേ എന്നീ അഞ്ച് സോണുകളിൽ ഈ ബൂത്തുകൾ സ്ഥാപിക്കുന്നതിന് ചെലവഴിച്ച തുകയെക്കുറിച്ചുള്ള വിവരങ്ങൾ തേടി വിവരാവകാശ അപേക്ഷ നൽകിയത്. 187 ബൂത്തുകളിലെ റെയിൽവേ ഡിവിഷനുകളിൽ നിന്ന് അദ്ദേഹത്തിന് മറുപടി ലഭിച്ചു, അതിൽ 100 ​​ലധികം നോർത്തേൺ റെയിൽവേയുടെ അധികാരപരിധിയിലാണ്.

മുംബൈ, നാഗ്പൂർ, പൂനെ, ഭുസാവൽ, സോലാപൂർ ഡിവിഷനുകളിലുടനീളമുള്ള 30 സ്റ്റേഷനുകളിൽ താൽക്കാലിക സെൽഫി ബൂത്തുകളും 20 സ്റ്റേഷനുകളിൽ സ്ഥിരം സെൽഫി ബൂത്തുകളും സ്ഥാപിച്ചതായി സിആറിൽ നിന്ന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. ഓരോ  ബൂത്തിനും കാറ്റഗറി സി സ്റ്റേഷനുകളിൽ 6.25 ലക്ഷം രൂപയും എ കാറ്റഗറി സ്റ്റേഷനുകളിലെ ഓരോ താൽക്കാലിക ബൂത്തിനും 1.25 ലക്ഷം രൂപയുമാണ് ചെലവ് വരുന്നതെന്ന് സിആർ പറഞ്ഞു. ചെലവുകൾ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അംഗീകരിച്ചിരുന്നു. 
 

click me!