തിയറ്ററിൽ സിനിമ ടിക്കറ്റിനേക്കാൾ വില പോപ്‌കോണിന്; കച്ചവടം പൊടിപൊടിച്ച് പിവിആർ, വരുമാനം കുതിക്കുന്നു

By Web Team  |  First Published May 17, 2024, 3:41 PM IST

പെപ്സി, സമൂസ, പോപ്‌കോൺ, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ വാങ്ങുന്നതിനായി സിനിമാ പ്രേക്ഷകർ ഒരാൾ  ശരാശരി 129 രൂപയാണ് ചെലവഴിച്ചത്.


രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ തിയേറ്റര്‍ നെറ്റ് വര്‍ക്കാണ് പിവിആര്‍ സിനിമാസ്. ഇവരുടെ ഏറ്റവുമധികം വളർച്ചയുള്ള വരുമാന മാര്‍ഗം സിനിമാ ടിക്കറ്റാണെന്ന് കരുതിയാല്‍ തെറ്റി. മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സിന്റെ ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) ബിസിനസ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ സിനിമാ ടിക്കറ്റ് വിൽപ്പനയേക്കാൾ  വളർച്ച രേഖപ്പെടുത്തി. ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം   21 ശതമാനമാണ് വർധിച്ചത്, ഇതേ കാലയളവിൽ  സിനിമാ ടിക്കറ്റുകളുടെ വിൽപ്പന 19 ശതമാനം മാത്രമാണ്. ഈ കാലയളവിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 233 രൂപയായിരുന്നു, അതേസമയം പെപ്സി, സമൂസ, പോപ്‌കോൺ, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ വാങ്ങുന്നതിനായി സിനിമാ പ്രേക്ഷകർ ഒരാൾ  ശരാശരി 129 രൂപയാണ് ചെലവഴിച്ചത്.

ഭക്ഷണ സാധനങ്ങൾ വിറ്റ വകയിൽ  വരുമാനം 1,618 കോടി രൂപയിൽ നിന്ന് 2024 ൽ 1,958.4 കോടി രൂപയായി ഉയർന്നപ്പോൾ സിനിമാ ടിക്കറ്റ് വരുമാനം 2023 ലെ 2,751.4 കോടി രൂപയിൽ നിന്ന് 3,279.9 കോടി രൂപയായി. മെട്രോകളിലും മറ്റ് നഗരങ്ങളിലും മറ്റും പുതിയതായി പിവിആർ ഐനോക്‌സ് തിയേറ്ററുകളാരംഭിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം ആരംഭിച്ചതും വരുമാനം കൂടുന്നതിന് സഹായിച്ചിട്ടുണ്ട് 

Latest Videos

പിവിആർ ഐനോക്‌സ് ഭക്ഷണ സാധനങ്ങളുടെ വിൽപ്പന വിപുലീകരിക്കുന്നതിന് പദ്ധതിയിടുന്നുണ്ട്. ഷോപ്പിംഗ് മാളുകളിൽ ഫുഡ് കോർട്ടുകൾ തുറക്കുന്നതിനായി ദേവയാനി ഇൻറർനാഷണലുമായി ഒരു സംയുക്ത സംരംഭം ആരംഭിക്കാനും ആലോചനയുണ്ട്.നിലവിൽ രാജ്യത്തുടനീളം 9000 സ്‌ക്രീനുകളാണ് ഉള്ളത് . ഇതിൽ 1748 സ്‌ക്രീനുകൾ  പിവിആർ ഐനോക്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്. കഴിഞ്ഞ സാമ്പത്തിക വർഷം സിനിമാ ശൃംഖലയായ പിവിആർ ഐനോക്‌സ് മാത്രം സന്ദർശിച്ചവരുടെ എണ്ണം 15.14 കോടിയാണ്.

tags
click me!