ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. ഈ അക്കൗണ്ടിന്റെ കാലാവധി 15 വര്‍ഷമാണ്. ആദ്യ കാലാവധി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്ന് 5 വര്‍ഷം വീതമുള്ള കാലയളവില്‍ എത്ര തവണ വേണമെങ്കിലും നിക്ഷേപം പുതുക്കി നിലനിര്‍ത്താനുമാകും. ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം, വാര്‍ഷികമായി 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കും. ഒറ്റത്തവണയായോ 12 ഗഡുക്കളായോ പ്രതിവര്‍ഷം നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയായതിനുശേഷം മാത്രമേ ഫണ്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കാവൂ. 7 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വര്‍ഷവും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്. അതുപോലെ ആവശ്യമെങ്കില്‍ നിസാരമായ പലിശയില്‍ നിക്ഷേപത്തുകയ്ക്ക് അനുസൃതമായി വായ്പ എടുക്കാനും സാധിക്കും
undefined
പലിശ നിരക്ക്: പിപിഎഫ് v/s എഫ്ഡി
30% നിരക്കില്‍ ആദായ നികുതി നല്‍കേണ്ട സ്ലാബില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണെങ്കില്‍, ബാങ്കില്‍ സ്ഥിര നിക്ഷേപം ഇടുന്നതിനേക്കാള്‍ നേട്ടം പിപിഎഫില്‍ നിക്ഷേപിക്കുന്നതാണ്. ദീര്‍ഘ കാലയളവിലേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്ക് 6.5% മുതല്‍ 7% വരെ നിരക്കിലാണ് പ്രധാനപ്പെട്ട ബാങ്കുകളെല്ലാം പലിശ വാഗ്ദാനം ചെയ്യുന്നത്. അതേസമയം എഫ്ഡി നിക്ഷേപത്തില്‍ നിന്നും ആര്‍ജിക്കുന്ന പലിശ വരുമാനത്തിന് നിക്ഷേപകന്റെ സ്ലാബ് നിരക്കില്‍ ആദായ നികുതിയും നല്‍കേണ്ടതുണ്ട്. അതിനാല്‍ നികുതി തട്ടിക്കിഴിച്ചു നോക്കുമ്പോള്‍ 4.55% മുതല്‍ 4.90% വരെയുള്ള ആദായം മാത്രമേ എഫ്ഡി നിക്ഷേപത്തില്‍ നിന്നും ഫലത്തില്‍ ലഭിക്കുന്നുള്ളൂ.
എന്നാല്‍ പിപിഎഫില്‍ നിന്നുള്ള ആദായം പൂര്‍ണമായും നികുതി മുക്തമാണ്. അതുകൊണ്ട് 7.1% പലിശ നിരക്കില്‍ ഇപ്പോള്‍ പിപിഎഫ് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം, നികുതിക്ക് ശേഷം ബാങ്ക് എഫ്ഡിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ 2.22% മുതല്‍ 2.55% വരെ അധികമായിരിക്കുമെന്ന് വ്യക്തമാണ്. അതേസമയം പിപിഎഫില്‍ പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന ചുരുങ്ങിയ തുക 500 രൂപയും പരമാവധി തുക 1,50,000 രൂപയുമാണെന്നും ശ്രദ്ധിക്കുക.