കളി ഇന്ത്യക്കാരോട് വേണ്ട, മുട്ടുമടക്കി പെപ്‌സികോ ഇന്ത്യ; ഇനി പാം ഓയിലിൽ ചിപ്‌സ് വറുക്കില്ല

By Web Team  |  First Published May 10, 2024, 6:51 PM IST

അമേരിക്കയിലും മറ്റും ആരോഗ്യകരമായ എണ്ണയിലുണ്ടാക്കുന്ന ലേയ്സ് ചിപ്സ് ഇന്ത്യയിലെത്തുമ്പോൾ നിർമിക്കുന്നത് പാമോയിലിൽ . പാമോയിലാകട്ടെ ആരോഗ്യത്തിന് അത്ര നല്ലതുമല്ല.


ന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ കണ്ണുകളിൽ നിന്ന് എന്തെങ്കിലും മറയ്ക്കാനാകുമോ? അമേരിക്കയിലും മറ്റും ആരോഗ്യകരമായ എണ്ണയിലുണ്ടാക്കുന്ന ലേയ്സ് ചിപ്സ് ഇന്ത്യയിലെത്തുമ്പോൾ നിർമിക്കുന്നത് പാമോയിലിൽ . പാമോയിലാകട്ടെ ആരോഗ്യത്തിന് അത്ര നല്ലതുമല്ല. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായപ്പോൾ   ഭക്ഷ്യോൽപ്പന്ന നിർമാതാക്കളായ പെപ്‌സികോ ഇന്ത്യ  പാമോയിലിന് പകരം സൂര്യകാന്തി എണ്ണയുടെയും പാമോയിലിന്റെയും മിശ്രിതം ഉപയോഗിച്ച് ലേയ്‌സ് ചിപ്സുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.  പാക്ക് ചെയ്ത ഭക്ഷണങ്ങളിൽ വിലകുറഞ്ഞതും ആരോഗ്യകരമല്ലാത്തതുമായ ചേരുവകൾ ഉപയോഗിക്കുന്നതിനെതിരായ പരാതി ശക്തമായതിനെ തുടർന്നാണ് നടപടി.

പാനീയങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും യുഎസിലെ ഏറ്റവും വലിയ നിർമ്മാതാക്കളായ പെപ്‌സികോ, അവിടെ വിൽക്കുന്ന ലേയ്സ് ചിപ്പുകളിൽ പാമോയിൽ ഉപയോഗിക്കുന്നില്ല.പകരം,  സൂര്യകാന്തി, ചോളം എണ്ണ തുടങ്ങിയ ആരോഗ്യകരമായ എണ്ണകൾ മാത്രമാണ് ഉപയോഗിക്കുന്നത്.  പാം ഓയിലിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഏകദേശം 50%, ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും അമിതമായി കഴിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. സൂര്യകാന്തി എണ്ണയിലുള്ള, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് ലിനോലെയിക് ആസിഡ്, ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന അവശ്യ കൊഴുപ്പുകളാണ്.  പാമോയിലിന് പകരം സൂര്യകാന്തി എണ്ണയും പാമോയിലും ചേർന്ന മിശ്രിതം ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം ഒരു വർഷം മുമ്പ് ആരംഭിച്ചതായി പെസ്‌പിക്കോ ഇന്ത്യയുടെ വക്താവ് പറഞ്ഞു. വരും കാലങ്ങളിൽ, സൂര്യകാന്തി എണ്ണയും പാമോലിനും ചേർത്ത് പാകം ചെയ്ത ചിപ്‌സ് മാത്രമേ ഇന്ത്യയിൽ ഉപയോഗിക്കൂ. കൂടാതെ ഇന്ത്യയിലെ തങ്ങളുടെ ലഘുഭക്ഷണങ്ങളിലെ ഉപ്പിന്റെ അളവ് ഒരു കലോറിയിൽ 1.3 മില്ലിഗ്രാമിൽ താഴെയായി കുറയ്ക്കുമെന്നും പെപ്സി വ്യക്തമാക്കി. പൂരിത കൊഴുപ്പ് കുറവായതിനാൽ സൂര്യകാന്തി എണ്ണ പാം ഓയിലിനെക്കാൾ പോഷകഗുണങ്ങൾ നൽകുമ്പോൾ, അതിന്റെ കുറഞ്ഞ ഓക്‌സിഡേറ്റീവ് സ്ഥിരത ഉൽപ്പന്നത്തിന്റെ കാലാവധിയേയും രുചിയെയും ബാധിക്കും  . ഉയർന്ന ഊഷ്മാവിൽ ചൂടാക്കുന്നതിനാൽ പാം ഓയിലിലുണ്ടാക്കുന്ന  ഭക്ഷണങ്ങൾ   കൂടുതൽ കാലം കേടുകൂടാതെ രുചിഭേദമില്ലാതെ സൂക്ഷിക്കാം. ഇതിനാലാണ് മിക്ക ഭക്ഷ്യോൽപ്പന്ന നിർമാതാക്കളും  പാമോയിൽ ഉപയോഗിക്കുന്നത്.

Latest Videos

സൂര്യകാന്തി അല്ലെങ്കിൽ സോയാബീൻ എണ്ണയുമായി താരതമ്യപ്പെടുത്തുമ്പോൾ പാമോയിലിന്റെ വില കുറവായതിനാൽ, ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, ബിസ്‌ക്കറ്റുകൾ, ചോക്കലേറ്റ്, നൂഡിൽസ്, ബ്രെഡ്, ഐസ്‌ക്രീം എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഡസൻ കണക്കിന് പാക്കേജുചെയ്ത ഫുഡ് ബ്രാൻഡുകളിൽ പാം ഓയിൽ സാധാരണമാണ്.
 
ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വിൽക്കുന്നവയിൽ ഉയർന്ന പഞ്ചസാരയുടെ അളവ് വിവാദമായതിനെ തുടർന്ന് നെസ്‌ലെ ഇന്ത്യ തങ്ങളുടെ ബേബി ഫുഡ് ആയ സെറിലാക്ക് പഞ്ചസാര ഇല്ലാതെ  അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വികസിത രാജ്യങ്ങളിലെ  സെറിലാക്കിനെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിലെ സെറിലാക്കിൽ  വളരെയധികം   പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐയും ഇന്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വർക്കും വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്

click me!