ചെറുകിട-ഉപഭോക്തൃ വായ്പകൾക്ക് മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം പേടിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. .50,000 രൂപയിൽ താഴെയുള്ള വായ്പകളായിരുന്നു പേടിഎമ്മിന്റെ പ്രധാന വരുമാന സ്രോതസ്.
പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ്, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട് . കഴിഞ്ഞ കുറച്ച് മാസങ്ങളായാണ് ഇത്രയധികം പേരെ പലഘട്ടങ്ങളിലായി പിരിച്ചു വിട്ടത്. ഈ വർഷം ഒരു ടെക് സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണിത്. കമ്പനിയുടെ പത്ത് ശതമാനത്തിലേറെ പേരെയാണ് ഇത്തരത്തിൽ ഒഴിവാക്കിയിരിക്കുന്നത്.ബിസിനസുകൾ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് പിരിച്ചു വിടലെന്നാണ് പേടിഎമ്മിന്റെ നിലപാട്. ഈ സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ ചെലവ് 10-15 ശതമാനം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പേടിഎം വക്താവ് പറഞ്ഞു.
ചെറുകിട-ഉപഭോക്തൃ വായ്പകൾക്ക് മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം പേടിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. .50,000 രൂപയിൽ താഴെയുള്ള വായ്പകളായിരുന്നു പേടിഎമ്മിന്റെ പ്രധാന വരുമാന സ്രോതസ്. ഇത് നിയന്ത്രിക്കപ്പെട്ടതോടെ ഡിസംബർ 7 ന് കമ്പനിയുടെ ഓഹരി മൂല്യം ഏകദേശം 20 ശതമാനം ആണ് ഇടിഞ്ഞത്.
2023-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ തൊഴിൽ അവസരങ്ങൾ വെട്ടിക്കുറക്കുന്നത് കുത്തനെ വർധിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 28,000-ത്തിലധികം ആളുകളെ പുതു തലമുറ കമ്പനികൾ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട് . 2022 മുതൽ ആണ് പിരിച്ചുവിടലുകളുടെ എണ്ണം ഉയരാൻ തുടങ്ങിയത്.
പേടിഎമ്മിന് പുറമെ ഫിസിക്‌സ് വാലാ, ഉഡാൻ, തേർഡ് വേവ് കോഫി, ബിസോംഗോ തുടങ്ങിയ ടെക് സ്റ്റാർട്ടപ്പുകളും ഈ വർഷം ഗണ്യമായ തോതിൽ പിരിച്ചുവിടലുകൾ നടത്തിയിട്ടുണ്ട്. ഫിൻടെക് സ്റ്റാർട്ടപ്പായ സെസ്റ്റ്മണി കടുത്ത പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു .